ലോകത്തിലെ പ്രമുഖ സൈനിക പരിശീലന കേന്ദ്രങ്ങളിലൊന്നായ ആർമി ഫൗണ്ടേഷൻ കോളജിനെതിരെ (എഎഫ്സി) ഗുരുതര ആരോപണങ്ങളുമായി മുൻ വിദ്യാർത്ഥിനികൾ രംഗത്ത്. നോർത്ത് യോർക്ക്ഷേറിലെ ഹരോഗേറ്റ് എഎഫ്സി കോളജിൽ 17-ാം വയസിൽ തങ്ങൾ നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ചാണ് നാല് പെൺകുട്ടികൾ തുറന്നുപറഞ്ഞിരിക്കുന്നത്.
ജൂനിയർ സൈനികരും സ്റ്റാഫ് അംഗങ്ങളും ചേർന്ന് കടുത്ത ലൈംഗികാതിക്രമത്തിനും സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കും ഇരയാക്കിയെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൂട്ടബലാത്സംഗം അടക്കമുള്ള ക്രൂരകൃത്യങ്ങൾക്ക് ഇരയാകേണ്ടി വന്നുവെന്ന് പെൺകുട്ടികൾ വെളിപ്പെടുത്തുന്നു.
മറ്റുള്ളവരുടെ മുൻപിൽ വെച്ചും പീഡനം നടന്നു. സ്റ്റാഫ് അംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെയാണ് ഇത്തരം അതിക്രമങ്ങൾ അരങ്ങേറുന്നതെന്ന് വ്യക്തമാക്കിയ വിദ്യാർത്ഥിനികൾ, സംഭവങ്ങൾക്ക് പിന്നാലെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
സഹപാഠികൾ മുതൽ മുതിർന്ന ഉദ്യോഗസ്ഥർ വരെ തന്നെ ലൈംഗികമായി ഉപയോഗിച്ചതായി ഒരു യുവതി വ്യക്തമാക്കി. മുറിയിലേക്ക് വിളിച്ചുവരുത്തി മണിക്കൂറുകളോളം നീണ്ട
ബലാത്സംഗത്തിനാണ് ഇരയാക്കിയത്. ലൈംഗിക ചുവയോടെയുള്ള സംസാരങ്ങളും നേരിടേണ്ടി വന്നു.
ഒടുവിൽ മാംസക്കഷ്ണം പോലെയായാണ് തന്നെ മാറ്റിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്നു. സംഭവത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം പഠനം മതിയാക്കി മടങ്ങിയ ഇവർ കുടുംബാംഗങ്ങളോട് വിവരം പറഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
മറ്റൊരു യുവതിയുടെ വെളിപ്പെടുത്തൽ പ്രകാരം, സഹപാഠി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഹോസ്റ്റലുകളിൽ ഉദ്യോഗസ്ഥരുടെ നിരന്തരമായ സാന്നിധ്യമുണ്ടായിരുന്നുവെന്നും അക്കാദമിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും അറിവോടെയാണ് ഈ അതിക്രമങ്ങളെല്ലാം അരങ്ങേറിയതെന്നും അവർ പറയുന്നു.
നടത്തിയ അന്വേഷണത്തിൽ ജൂൺ വരെയുള്ള അധ്യയന വർഷത്തിൽ 16 പീഡനപരാതികളാണ് ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗ്നതാ പ്രദർശനം, പരസ്യമായ പീഡനം, ലൈംഗികാതിക്രമങ്ങൾ തുടങ്ങി നിരവധി പരാതികൾ ലഭിച്ചിട്ടും ഇതിൽ കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നത് ഇന്നും ചോദ്യചിഹ്നമായി തുടരുകയാണ്.
ഇത് സംബന്ധിച്ച വിവരാവകാശ അപേക്ഷകൾക്കും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. 2018 ജനുവരിക്കും 2025 ജൂണിനും ഇടയിൽ 176 പരാതികളാണ് ഈ സൈനിക പരിശീലന കേന്ദ്രത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് യുകെ പ്രതിരോധ മന്ത്രാലയം തന്നെ സ്ഥിരീകരിക്കുന്നുണ്ട്.
ഇതിൽ 144 പരാതികൾ ജൂനിയർ സൈനികർക്കെതിരെയും 32 എണ്ണം കോളജിലെ സ്ഥിരം ജീവനക്കാർക്ക് എതിരെയുമാണ്. ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളിൽ 67 ശതമാനവും ഒരു വർഷത്തിനിടെ ഒരിക്കലെങ്കിലും സമ്മതമില്ലാതെ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ടെന്ന് ഔദ്യോഗിക സർവേകളിൽ വ്യക്തമായിട്ടുണ്ട്.
യുകെയിൽ 19 വയസിന് താഴെയുള്ള കുട്ടികൾക്ക് സൈനിക പരിശീലനം നൽകുന്ന ഏറ്റവും വലിയ സ്ഥാപനമാണ് എഎഫ്സി. ആകെ 889 പേർ പഠിക്കുന്ന ഇവിടെ 70 പെൺകുട്ടികളാണ് ഉള്ളത്.
ഉറങ്ങിക്കിടന്ന സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ 2023-ൽ കോർപറൽ ഡാനിയേൽ കോൺവേയ്ക്ക് 7 വർഷത്തെ കഠിന തടവ് കോടതി വിധിച്ചിരുന്നു. അതേ വർഷം ലൈംഗികാതിക്രമം നടത്തിയ കോർപറൽ സൈമൺ ബാർട്രാമിനെ 20 മാസത്തെ സൈനിക തടങ്കലിനും ശിക്ഷിച്ചു.
കോളജിനെതിരെ പുറത്തുവന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും കടുത്ത ദുഃഖമുണ്ടെന്നുമാണ് ബ്രിട്ടീഷ് ആർമി വക്താവ് പ്രതികരിച്ചത്. ദുരനുഭവങ്ങൾ നേരിട്ടവർ സധൈര്യം മുന്നോട്ടുവരണമെന്നും ഇരകൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായങ്ങളും ഉറപ്പുനൽകുന്നതായും വക്താവ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

