കോഴിക്കോട് ∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ വാച്ച്മാൻ തസ്തികയിലേക്ക് ജീവനക്കാരെ ആകർഷിക്കുന്നതിനായി നിലവിലുള്ള കുറഞ്ഞ വേതന വ്യവസ്ഥ പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. 20 സുരക്ഷാ ജീവനക്കാർ വേണ്ടിടത്ത് 5 പേർ മാത്രം എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി.
സെക്യൂരിറ്റി ഗാർഡ് തസ്തികയ്ക്ക് തുല്യമായ വേതനം വാച്ച്മാൻ തസ്തികയ്ക്കും ലഭ്യമാക്കണം. അല്ലെങ്കിൽ ആശുപത്രി വികസന സമിതിയുടെ തനത് ഫണ്ട് / സ്ഥിരനിക്ഷേപ പലിശ ഉപയോഗിച്ച് വേതനം വർധിപ്പിച്ച് നൽകണം.
ഇതിനായി ജില്ലാ ഭരണകൂടവും ആശുപത്രി സൂപ്രണ്ടും സമർപ്പിച്ച അപേക്ഷയ്ക്ക് അടിയന്തരമായി അനുമതി നൽകണമെന്ന് കമ്മിഷൻ സർക്കാരിന് നിർദേശം നൽകി. സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള ലിസ്റ്റ് പ്രകാരം വാച്ചർമാരെ നിയമിക്കണം എന്ന കർശന നിബന്ധനയിൽ ഭേദഗതി വരുത്തണമെന്ന് കമ്മിഷൻ നിർദേശിച്ചു.
കൂടുതൽ ഉദ്യോഗാർഥികളെ ലഭിക്കുന്നതിനായി വിമുക്ത ഭടന്മാർക്കൊപ്പം നിശ്ചിത പരിശീലനം ലഭിച്ച യോഗ്യരായ വ്യക്തികളെയും ഉൾപ്പെടുത്തണം. പ്രായപരിധി 50 വയസ്സിൽ മാത്രമായി പരിമിതപ്പെടുത്താതെ ഇളവുകൾ നൽകണം.
വനിതകളായ സെക്യൂരിറ്റി ഗാർഡുകളെ കൂടി നിയമിക്കാൻ സാധിക്കുന്ന രീതിയിൽ നിബന്ധനകൾ പരിഷ്കരിക്കാൻ ആരോഗ്യവകുപ്പ് തയാറാകണം. സുരക്ഷാ മതിൽ നിർമാണത്തിന് തടസ്സം നിൽക്കുന്ന പാഴ്മരങ്ങൾ മുറിക്കാൻ കാലതാമസം കൂടാതെ നടപടിയെടുക്കണം.
മതിൽ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. ഇതിനകം അനുവദിച്ച 2 സെൻട്രി തസ്തികയിലേക്ക് ഉടൻ നിയമനം നടത്തണമെന്നും കമ്മിഷൻ നിർദേശിച്ചു.
നിർദേശങ്ങൾ നടപ്പിലാക്കേണ്ടത് രോഗികളുടെ ജീവനും സുരക്ഷയ്ക്കും മാത്രമല്ല പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും മനുഷ്യാവകാശ ലംഘനങ്ങൾ ഇല്ലാതാക്കാനും അത്യാവശ്യമാണെന്ന് ഉത്തരവിൽ പറഞ്ഞു. ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 2 മാസത്തിനകം കമ്മിഷനിൽ സമർപ്പിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

