കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിൽ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ, രക്ഷാപ്രവർത്തനവുമായി ഓഫ് റോഡ് വാഹനങ്ങളും ട്രാക്ടറുകളും സജീവമാകുന്നു. എസി റോഡിലൂടെയുള്ള വെള്ളക്കെട്ട് അതിജീവിച്ചാണ് ഈ വാഹനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും അത്യാഹിത സേവനങ്ങൾക്കും എത്തിയത്.
കഴിഞ്ഞ ദിവസം വെളിയനാട് മേഖലയിൽ വച്ച് ബോട്ടിൽ വെച്ച് കുഴഞ്ഞുവീണ വയോധികനെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് ഇത്തരം ഒരു ഓഫ് റോഡ് വാഹനത്തിലാണ്. വെളിയനാട് സ്വദേശിയായ ജോണിച്ചനെയാണ് (72) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുട്ടനാടിന്റെ വിവിധ ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയ നിരവധിപേരെയും സമാന രീതിയിൽ സുരക്ഷിതമായി ചങ്ങനാശേരിയിൽ എത്തിച്ചിട്ടുണ്ട്. ആലുവ സ്വദേശികളായ ജിജോ ജേക്കബ് ജോസഫ്, സ്വരൂപ്, നെബിൽ എന്നിവരാണ് ഈ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ചങ്ങനാശേരിയിൽ നിന്നും ശേഖരിക്കുന്ന അവശ്യ സാധനങ്ങളും ഭക്ഷണപ്പൊതികളും ഈ വാഹനങ്ങളിൽ കയറ്റി വിവിധ ക്യാംപുകളിലേക്ക് എത്തിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് ട്രാക്ടറുകളും
2018 ലെ പ്രളയകാലത്തെ ഓർമിപ്പിക്കുന്ന വിധത്തിലാണ് കുട്ടനാട്ടിൽ നിന്നും ആളുകൾ ചങ്ങനാശേരിയിലേക്ക് എത്തുന്നത്.
വെളിയനാട്, മങ്കൊമ്പ് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് എസി റോഡിലൂടെ ട്രാക്ടറുകളിലാണ് ചിലരെ പെരുന്ന ബസ് സ്റ്റാൻഡിന് സമീപത്ത് എത്തിച്ചത്. ദുരിതം അനുഭവിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും ബന്ധുവീടുകളിലേക്ക് അഭയം തേടിയിരിക്കുകയാണ്.
എസി റോഡിലെ വെള്ളക്കെട്ട് വീടുകൾക്ക് ഭീഷണി
റോഡിലെ ഉയർന്ന ജലനിരപ്പും വാഹനങ്ങളുടെ സഞ്ചാരവും സമീപത്തെ വീടുകൾക്ക് വലിയ തോതിൽ ഭീഷണിയാകുന്നുണ്ട്. വാഹനങ്ങൾ വെള്ളത്തിലൂടെ വേഗത്തിൽ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന തിരമാലകൾ വീടുകളുടെ ഭിത്തികളിലും വാതിലുകളിലും ജനലുകളിലും അടിച്ച് കേടുപാടുകൾ സംഭവിക്കുന്നു.
റോഡിന്റെ ഇരുവശത്തുമുള്ള ഭൂരിഭാഗം വീടുകളും ഇതിനോടകം വെള്ളത്തിലാണ്. വീട്ടുപകരണങ്ങൾ പലതും ഉയർത്തി വെച്ചിട്ടുണ്ടെങ്കിലും, വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ശക്തമായ ജലപ്രവാഹം വീടുകൾക്കുള്ളിലേക്ക് ഇരച്ചുകയറുകയാണ്.
വാഹനങ്ങൾക്കും തകരാർ
വെള്ളക്കെട്ട് നിറഞ്ഞ എസി റോഡിലൂടെ സഞ്ചരിക്കുന്ന നിരവധി വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുന്നുണ്ട്. വെള്ളത്തിലൂടെയുള്ള യാത്രയിൽ കാറുകളുടെ ബംപറുകൾ തകർന്നു വീഴുന്ന സംഭവങ്ങൾ പതിവാണ്.
മധുരയിൽ നിന്നും ആലപ്പുഴയിലേക്ക് എത്തിയ വിനോദയാത്രാ സംഘത്തിന്റെ കാറിന്റെ ബംപർ ജലമർദ്ദം മൂലം പൊട്ടിത്തകർന്നു. ശക്തമായ ഒഴുക്കിലും മർദ്ദത്തിലും പെട്ട് പല വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകളും നഷ്ടപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

