വ്യോമയാന മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് എയർ ഇന്ത്യയുടെ സിഇഒ ആൻഡ് മാനേജിങ് ഡയറക്ടർ പദവിയിലേക്ക് ഇത്യോപ്യൻ എയർലൈൻസ് ഗ്രൂപ്പ് മുൻ മേധാവി എത്തിയപ്പോൾ വലിയ തിരിച്ചടി നേരിട്ടത് അയൽരാജ്യത്തിനാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും കെടുകാര്യസ്ഥതയും മൂലം നട്ടംതിരിയുന്ന പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ (പിഐഎ) തലപ്പത്തേക്ക് ടൊവോൾഡോ ഗെബ്രെമറിയത്തെ നിയമിക്കാൻ ഏതാണ്ട് അന്തിമ തീരുമാനമായിരുന്നു.
ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായുള്ള സുരക്ഷാ അനുമതികൾക്കായി (സെക്യൂരിറ്റി ക്ലിയറൻസ്) കാത്തിരിക്കുകയായിരുന്നു പിഐഎ. എന്നാൽ ഈ നടപടികൾ നീളുന്നതിനിടയിലാണ് നിർണായക നീക്കത്തിലൂടെ എയർ ഇന്ത്യ അദ്ദേഹത്തെ സ്വന്തമാക്കിയത്.
പാക്കിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായ പിഐഎ കനത്ത കടക്കെണിയെ തുടർന്നാണ് പ്രതിസന്ധിയിലായത്. തുടർന്ന് കമ്പനിയുടെ ഓഹരികൾ പാക്ക് സർക്കാർ ആരിഫ് ഹബീബ് ഗ്രൂപ്പിന് വിൽക്കുകയുണ്ടായി.
ഇതിനുശേഷമാണ് കമ്പനിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ടൊവോൾഡോ ഗെബ്രെമറിയത്തെ സിഇഒയായി നിയമിക്കാൻ തീരുമാനിച്ചത്. എന്നാൽ സുരക്ഷാ അനുമതി വൈകിയതും അനുകൂലമായ സാഹചര്യം മുതലെടുത്ത് എയർ ഇന്ത്യ അദ്ദേഹത്തെ നിയമിച്ചതും പാക്കിസ്ഥാന് കനത്ത ആഘാതമായി മാറി.
എയർ ഇന്ത്യയുടെ വളർച്ചയുടെ അടുത്തഘട്ടത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനസമ്പത്ത് മുതൽക്കൂട്ടാകുമെന്ന് എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കിയിട്ടുണ്ട്.
ടൊവോൾഡോ ഗെബ്രെമറിയത്തിന്റെ കരിയർ ചരിത്രം പരിശോധിച്ചാൽ, 1985ൽ ട്രാഫിക് ഓഫിസറായിട്ടാണ് അദ്ദേഹം ഇത്യോപ്യൻ എയർലൈൻസിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് 2011ൽ സിഇഒയായി ചുമതലയേറ്റ അദ്ദേഹം 2022 മാർച്ചിലാണ് വിരമിച്ചത്.
അദ്ദേഹത്തിന്റെ ഭരണകാലത്താണ് ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി ഇത്യോപ്യൻ എയർലൈൻസ് വളർച്ച പ്രാപിച്ചത്. അഡിസ് അബാബയെ ഒരു പ്രധാന വ്യോമയാന ഹബ്ബാക്കി മാറ്റിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കമ്പനിയുടെ ലാഭം കുതിച്ചുയരുന്നതിനും കാരണമായി.
എയർ ഇന്ത്യയിലെ പുതിയ നിയമനത്തെ അതീവ ആദരവോടെയാണ് കാണുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ (പിഐഎ) തുടക്കം 1946 ഒക്ടോബർ 29ന് കൽക്കട്ട
ആസ്ഥാനമായി മിർസ അഹമ്മദ് ഇസ്പഹനി, ആദംജീ ഹാജി ദാവൂദ് എന്നിവർ ചേർന്ന് തുടങ്ങിയ സ്വകാര്യ കമ്പനിയായിട്ടായിരുന്നു. ഓറിയന്റ് എയർവേസ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.
പിന്നീട് വിഭജനത്തിനുശേഷമാണ് പ്രവർത്തനം പാക്കിസ്ഥാനിലേക്ക് മാറ്റിയതും 1955ൽ പാക്ക് സർക്കാർ ഇത് ദേശസാൽക്കരിച്ച് പേര് മാറ്റിയതും. എന്നാൽ പിന്നീട് കടുത്ത അഴിമതിയും ഭരണതലത്തിലെ കെടുകാര്യസ്ഥതയും മൂലം കമ്പനി വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
നിലവിൽ 82,500 കോടിയിലധികം രൂപയുടെ കടക്കെണിയിലാണ് പിഐഎ പ്രവർത്തിക്കുന്നത്. 2020ൽ കമ്പനിയിലെ 30 ശതമാനത്തിലേറെ പൈലറ്റുമാരുടെയും ലൈസൻസ് വ്യാജമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ നാണക്കേടുണ്ടാക്കിയിരുന്നു.
തുടർന്ന് 260ലേറെ പൈലറ്റുമാരെ ഒഴിവാക്കേണ്ടി വരികയും യൂറോപ്യൻ യൂണിയൻ പിഐഎയ്ക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പരിചയസമ്പന്നനായ ഒരു തലവനെ ലഭിക്കാനുള്ള പാക്കിസ്ഥാന്റെ സുവർണ്ണാവസരം നഷ്ടപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

