കഴിഞ്ഞ ഏഴ് മാസത്തിനിടയില്‍ ഉണ്ടായ കനത്ത മഴയിലും കാറ്റിലും പ്രകൃതിക്ഷോഭങ്ങളിലും മലപ്പുറം ജില്ലയില്‍ കോടികളുടെ വിളനാശം. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം ആകെ 3.5 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ജില്ലയിലെ 162 കര്‍ഷകരെയാണ് ഈ ദുരന്തം നേരിട്ട് ബാധിച്ചത്. ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത് വാഴ കര്‍ഷകര്‍ക്കാണ്.
ശക്തമായ കാറ്റിലും മഴയിലും 55,150 വാഴകളാണ് നിലംപൊത്തിയത്. ഈ മേഖലയില്‍ മാത്രം 3.3 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
കൂടാതെ, 28.2 ഹെക്ടര്‍ പ്രദേശത്തെ മരച്ചീനി കൃഷി നശിച്ച് 11.28 ലക്ഷം രൂപയുടെയും, 11.28 ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറി കൃഷി നശിച്ച് 5.34 ലക്ഷം രൂപയുടെയും സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ട്. ഇതു കൂടാതെ 1.4 ഹെക്ടര്‍ നെല്‍കൃഷി നശിക്കുകയും, ആറ് പ്രധാന നെല്ലുല്പാദന കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ഇതിലൂടെ 1.25 ലക്ഷം രൂപയുടെ നഷ്ടവും അധികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തത് വേങ്ങര ബ്ലോക്കിലാണ് (1.08 കോടി രൂപ).
കൂടാതെ വണ്ടൂര്‍ (51.64 ലക്ഷം), കാളികാവ് (49.6 ലക്ഷം), പരപ്പനങ്ങാടി (43.49 ലക്ഷം), കൊണ്ടോട്ടി (35.15 ലക്ഷം), മഞ്ചേരി (26.35 ലക്ഷം) എന്നീ ബ്ലോക്കുകളിലും ലക്ഷക്കണക്കിന് രൂപയുടെ വിളനാശമാണ് ഉണ്ടായിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

