ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രമുഖ കമ്പനിയായ ആന്ത്രോപ്പിക് ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു. ആമസോണ്‍ ബെഡ്റോക്കിന്റെ ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് തങ്ങളുടെ ‘ക്ലോഡ് എഐ’ മോഡലുകള്‍ ഇനി രാജ്യത്തിനകത്ത് ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം.
ഈ നീക്കത്തിലൂടെ എഐയുടെ ഡാറ്റാ പ്രോസസിങ് പൂര്‍ണ്ണമായും ഇന്ത്യയിലെ സെര്‍വറുകളില്‍ തന്നെ നടപ്പിലാക്കപ്പെടും. ബാങ്കിങ് മേഖല, സര്‍ക്കാര്‍ ഏജന്‍സികള്‍, ആരോഗ്യമേഖല തുടങ്ങി അതീവ രഹസ്യവും സുപ്രധാനവുമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഇതൊരു വലിയ നേട്ടമായിരിക്കും.
വിവരങ്ങള്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ തന്നെ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കുമെന്നതിനാല്‍, നൂതന എഐ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുമ്പോഴും രാജ്യത്തെ കര്‍ശനമായ ഡാറ്റാ സുരക്ഷാ നിയമങ്ങള്‍ പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ഇതിലൂടെ സാധിക്കും. ആഗോളതലത്തില്‍ തന്നെ ക്ലോഡ് എഐയുടെ ഏറ്റവും വലിയ വിപണികളിലൊന്നായി ഇന്ത്യ മാറിയതായി കമ്പനി വ്യക്തമാക്കി.
പ്രാദേശിക സര്‍വറുകള്‍ ഉപയോഗിച്ചുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ക്ക് ഇന്ത്യന്‍ ബിസിനസ്സ് ലോകത്ത് വലിയ ആവശ്യക്കാരാണുള്ളത്. ഇതിനുപുറമെ, ക്ലോഡ് പാര്‍ട്ണര്‍ നെറ്റ്വര്ക്കില് ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്ത രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും കമ്പനി അറിയിച്ചു.
എഐ രംഗത്ത് വൈദഗ്ദ്ധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ പാര്‍ട്ണര്‍ നെറ്റ്വര്‍ക്ക് വഴി 5,000-ത്തിലധികം പ്രൊഫഷണലുകള്‍ക്ക് പരിശീലനം നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡാറ്റാ പ്രോസസിങ് ഇന്ത്യയില്‍ തന്നെ നടക്കുന്നത് വഴി, ചെറിയ എഐ പ്രൊജക്റ്റുകളില്‍ നിന്ന് വലിയ വ്യാപ്തിയിലേക്ക് കടക്കാന്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് സാധിക്കുമെന്ന് ആന്ത്രോപ്പിക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ഐറിന ഘോഷ് വ്യക്തമാക്കി.
ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും, വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ക്ലോഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും, പ്രാദേശിക സ്ഥാപനങ്ങളുമായി കൈകോര്‍ക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

