മുക്കം നഗരസഭയിലെ പൂളപ്പൊയിൽ കാതിയോട് പാലക്കുന്നുമ്മൽ സുമതിയുടെ (ചെറിയ മോൾ – 64) സംസ്കാര ചടങ്ങുകളിൽ മാനവികതയുടെ പുതിയ മാതൃക. രാത്രിയിൽ കോരിച്ചൊരിയുന്ന മഴയെ വകവെയ്ക്കാതെ ഇവരുടെ വീട്ടുവളപ്പിൽ മുസ്ലിം സഹോദരങ്ങൾ അന്ത്യവിശ്രമ സ്ഥലം സജ്ജമാക്കി നൽകുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഹുസൈൻ പൂലേരി, എ.എം.യൂസഫ് ആശാരിമാക്കൽ, ആഷിഖ് തഹാനി, ഹാഷിർ തരിപ്പക്കുന്നുമ്മൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഈ മാതൃകാപരമായ പ്രവർത്തനം നടന്നത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സുമതിയുടെ മരണം സംഭവിച്ചത്.
എന്നാൽ മൃതദേഹം ശ്മശാനത്തിൽ സംസ്കരിക്കുകയോ ദഹിപ്പിക്കുകയോ ചെയ്യരുതെന്ന് ബന്ധുക്കൾക്ക് നിർബന്ധമുണ്ടായിരുന്നു. സ്വന്തം വീട്ടുവളപ്പിൽ ഇതിനായി സ്ഥലം ഒരുക്കാൻ പലരെയും സമീപിച്ചെങ്കിലും രാത്രിയിലെ പ്രതികൂല കാലാവസ്ഥ കാരണം ആരും മുന്നോട്ടു വരാൻ തയാറായില്ല.
തുടർന്ന് കാതിയോട്ടെ മൻസൂർ, പൂളപ്പൊയിൽ മഹല്ലിൽ സൗജന്യമായി കബറിടമൊരുക്കുന്ന ഹുസ്സൈൻ പൂലേരിയെ ബന്ധപ്പെടുകയായിരുന്നു. ഈ വിവരമറിഞ്ഞ് ഹുസൈൻ പൂലേരിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ കനത്ത മഴ വകവയ്ക്കാതെ രാത്രി തന്നെ സ്ഥലത്തെത്തി കുഴിയെടുത്ത് സ്ഥലം ഒരുക്കുകയായിരുന്നു.
സംഭവമറിഞ്ഞ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഭവന വിനോദ്, വാർഡ് കൗൺസിലർ ഷബാന നൂർ പൂളപ്പൊയിൽ, കൗൺസിലർ ബബിത മനോജ് തുടങ്ങിയവരും സുമതിയുടെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

