ഗുരുവായൂർ: തൃശൂരിൽ സ്പായിൽ ജോലി ചെയ്തുവന്ന തൊടുപുഴ സ്വദേശിയായ യുവതിയെ വധിക്കാൻ ലക്ഷ്യമിട്ട് പെൺവേഷത്തിലെത്തിയ മുൻ കാമുകനും കൂട്ടാളികളുമടങ്ങുന്ന അഞ്ചംഗ സംഘം പോലീസിന്റെ പിടിയിലായി. തൊടുപുഴ മുട്ടം സ്വദേശികളായ പ്രസാദ് (ചോലമറ്റത്തിൽ), ആദർശ് (ഒറ്റപ്ലാക്കൽ), ബിനീഷ് (തൈപ്പറമ്പിൽ), ഷാഹിദ് (തേങ്ങിൽ), സ്റ്റീഫൻ (കാരക്കുന്നേൽ) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്ന് 16 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. യുവതി തൃശൂരിൽ നിന്നും ഗുരുവായൂരിലേക്ക് മാറിയതറിഞ്ഞ് പ്രതികളും അവിടെയെത്തുകയും ആക്രമിക്കാൻ പദ്ധതിയിടുകയും ചെയ്യുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
തൃശൂരിൽ സ്പായിൽ ജോലി ചെയ്തിരുന്ന യുവതിയോട് മുൻ കാമുകനായ പ്രസാദ് അടക്കമുള്ളവർ സൗഹൃദബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പെൺവേഷം ധരിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്ന പ്രസാദിനെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്.
തുടർന്ന് നടത്തിയ പരിശോധനയിലും പട്രോളിങ്ങിനിടയിലുമാണ് കാറിൽ കറങ്ങുകയായിരുന്ന മറ്റ് നാല് പ്രതികളും പിടിയിലായത്. പ്രതികളിൽ പ്രസാദിനും ആദർശിനുമെതിരെ കൊലപാതകശ്രമം ഉൾപ്പെടെ 20-ലധികം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടായിരുന്ന യുവതിയെ പോലീസ് സുരക്ഷിതമായി കണ്ടെത്തി നാട്ടിലേക്ക് അയച്ചു.
ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

