ചെറുതുരുത്തിയിൽ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചിരുന്ന സ്ത്രീയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മലപ്പുറം ചേറൂർ കണ്ണമംഗലത്ത് താമസിക്കുന്ന നൃത്താധ്യാപിക ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം മുറിയെടുത്തു താമസിച്ചിരുന്ന മലപ്പുറം ചേനംകുളങ്ങാട്ടിൽ വീട്ടിൽ വിബീഷ് (41) പൊലീസിൽ കീഴടങ്ങി. ചൊവ്വാഴ്ച വൈകിട്ടാണ് ഇവർ ചെറുതുരുത്തിയിലെ ലോഡ്ജിൽ മുറിയെടുത്തത്.
കൃത്യത്തിനു ശേഷം ബുധനാഴ്ച രാവിലെ മലപ്പുറം തേഞ്ഞിപ്പലം സ്റ്റേഷനിലെത്തിയാണ് യുവാവ് കീഴടങ്ങിയത്. വിവാഹിതയായ ധനലക്ഷ്മിയും അവിവാഹിതനായ വിബീഷും തമ്മിൽ ഏറെനാളായി പരിചയത്തിലായിരുന്നു.
തങ്ങളെ വിവാഹം കഴിക്കണമെന്ന് ധനലക്ഷ്മി നിരന്തരം നിർബന്ധിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പ്രതി പോലീസിനു മൊഴി നൽകിയിട്ടുണ്ട്. വിവരമറിഞ്ഞ് കുന്നംകുളം എസിപി മുരളീധരൻ, ചെറുതുരുത്തി ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി.
തുടർന്ന് മൃതദേഹം ബുധനാഴ്ച വൈകിട്ടോടെ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പ്രതിയെ രാത്രിയോടെ കസ്റ്റഡിയിൽ ചെറുതുരുത്തിയിൽ എത്തിച്ചു.

