പത്തനംതിട്ട: സംസ്ഥാനത്ത് ആവർത്തിക്കുന്ന പ്രളയസാഹചര്യങ്ങളിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ നടുറോഡിൽ ബ്രേക്ക് ഡൗണാകുന്നത് ഗതാഗത സേവനങ്ങൾക്ക് തിരിച്ചടിയാകുന്നു. പുതിയ ബിഎസ് 6 മാനദണ്ഡപ്രകാരം നിർമിച്ച വാഹനങ്ങളുടെ രൂപകൽപ്പനയിലുള്ള ചില പരിമിതികളാണ് വെള്ളക്കെട്ടുള്ള റോഡുകളിൽ ഇവയ്ക്ക് വില്ലനാകുന്നത്.
പാതകളിൽ 40 സെന്റീമീറ്ററിൽ അധികം ഉയരത്തിൽ വെള്ളമുയർന്നാൽ എൻജിൻ ഹൈഡ്രോലോക്ക് ആയി വാഹനം തകരാറിലാകുന്ന സാഹചര്യമാണുള്ളത്. ഇത്തരത്തിൽ പ്രളയ ഭീഷണി നേരിടുന്ന ഏകദേശം 600 സ്വിഫ്റ്റ് ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്.
കഴിഞ്ഞ ദിവസം കോഴഞ്ചേരിക്കടുത്ത് പ്രളയജലത്തിലൂടെ കടന്നുപോകാൻ ശ്രമിച്ച ബസ് ഹൈഡ്രോലോക്കായി വഴിയിൽ തടസ്സം സൃഷ്ടിച്ചിരുന്നു. ഇതിനുപുറമേ, എംസി റോഡിൽ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ കഴിഞ്ഞ നാലു ദിവസമായി വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിൽ, ഇത്തരം സെൻസർ ഘടിപ്പിച്ച ബസുകൾ ഇന്നലെ മുതൽ ആലപ്പുഴ റൂട്ടിലൂടെ വഴിതിരിച്ചുവിട്ടു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും മാർഗനിർദേശങ്ങൾ പാലിച്ചാണ് ബിഎസ് 6 എൻജിനുകൾ നിർമിച്ചിരിക്കുന്നത്. മലിനീകരണം കുറയ്ക്കുന്നതിനായി ഡീസലിനൊപ്പം അമോണിയ കൂടി കലർത്തിയാണ് ഇതിന്റെ പ്രവർത്തനം.
എൻജിൻ താപനിലയും പുറന്തള്ളുന്ന കാർബൺ മോണോക്സൈഡിന്റെ അളവും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സെൻസറുകളാണ് ഇതിലുള്ളത്. എന്നാൽ, വാഹനം വായു വലിച്ചെടുക്കുന്ന എയർ ഫിൽറ്റർ സംവിധാനം മുൻവാതിലിനു താഴെ താഴ്ന്ന ഭാഗത്താണ് ഘടിപ്പിച്ചിരിക്കുന്നത്.
റോഡിൽ രണ്ടടി വെള്ളം ഉയർന്നാൽ വായുവിന് പകരം എയർ ഫിൽറ്റർ വെള്ളം ഉള്ളിലേക്ക് എടുക്കുകയും എൻജിൻ പ്രവർത്തനരഹിതമാവുകയും ചെയ്യും. ഇങ്ങനെ തകരാറിലാകുന്ന എൻജിൻ വർക് ഷാപ്പിലെത്തിച്ച് നന്നാക്കാൻ 5 ലക്ഷം രൂപ ചെലവാകുമെന്നത് കോർപറേഷന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു.
മുൻപുണ്ടായിരുന്ന ബിഎസ്–2, ബിഎസ്–3 വാഹനങ്ങളിൽ എയർ ഫിൽറ്ററുകൾ കൂടുതൽ ഉയരത്തിൽ പിന്നിലായാണ് സ്ഥാപിച്ചിരുന്നത്. രാജ്യത്തെ ഭൂരിഭാഗം വാഹനങ്ങളും ഉത്തരേന്ത്യൻ കാലാവസ്ഥ മുൻനിർത്തി രൂപകൽപന ചെയ്യുന്നതിനാൽ, കേരളത്തിലെ മിന്നൽ പ്രളയ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്താൻ ബസ് നിർമാതാക്കളുമായി ചർച്ച നടത്തേണ്ട
സ്ഥിതിയിലാണ് അധികൃതർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

