ജാർഖണ്ഡിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ രംഗത്ത്. ജനങ്ങൾക്ക് തങ്ങളിൽ വിശ്വാസം വർദ്ധിച്ചുവരികയാണെന്നും സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കായി കൃത്യമായ റോഡ് മാപ്പ് തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിജെപി ഒരു രാഷ്ട്രീയ പാർട്ടിയായിരിക്കില്ലെന്നും, അത്തരത്തിലുള്ള സംശയങ്ങൾ മാധ്യമങ്ങളുടെ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയുടെ പ്രതിഷേധങ്ങളും ഇടപെടലുകളും വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിനെതിരെയും ജുഡീഷ്യറിക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും ശക്തമായ ജനവികാരം നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയം അത്രമേൽ മലീമസമായി മാറിയിരിക്കുന്നുവെന്നും ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്ന പ്രവണതയാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വരും ദിവസങ്ങളിലും ശക്തമായ ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാകുമെന്നും സിജെപി ഒരു സമ്മർദ്ദ ഗ്രൂപ്പായി മാത്രമായിരിക്കും തുടരുകയെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക പ്രവർത്തകൻ സോനം വാങ് ചുക് തങ്ങൾക്ക് എക്കാലത്തും ഒരു മാർഗ്ഗദർശിയായി തുടരുമെന്നും അഭിജിത്ത് ദീപ്കെ കൂട്ടിച്ചേർത്തു.
നേരത്തെ, വിദേശത്തെ ഉന്നത പഠനത്തിനായി കുടുംബം ചെലവിട്ട പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്ക് അഭിജിത്ത് ദീപ്കെ മറുപടി നൽകിയിരുന്നു.
ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പ് രേഖകൾ പുറത്തുവിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിവരാവകാശ പ്രവർത്തകൻ രംഗത്തുവന്ന പശ്ചാത്തലത്തിലായിരുന്നു ഈ വിശദീകരണം.
പ്രമുഖ മാധ്യമപ്രവർത്തക ബർഖാ ദത്ത് നടത്തിയ അഭിമുഖത്തിലാണ് ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പ് കത്തിന്റെ പകർപ്പ് അദ്ദേഹം പരസ്യപ്പെടുത്തിയത്. കുടുംബത്തിന്റെ അനാവശ്യമായ സാമ്പത്തിക സഹായത്തോടെയാണ് വിദേശത്ത് പഠനം പൂർത്തിയാക്കിയതെന്ന ആരോപണങ്ങൾ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു.
പഠനത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യത നിലവിൽ തനിക്കുണ്ടെന്നും ആ ലോൺ ഇതുവരെ അടച്ചുതീർത്തിട്ടില്ലെന്നും ഈ വിഷയത്തിൽ ആർക്കും എന്തു പരിശോധനയും നടത്താമെന്നും അഭിജിത്ത് ദീപ്കെ വിശദമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

