ആലപ്പുഴ – ചങ്ങനാശേരി റോഡിൽ (എസി റോഡ്) ജലനിരപ്പ് ഉയർന്നതോടെ ഗതാഗതം സ്തംഭിച്ചു. 752 കോടി രൂപ ചെലവഴിച്ച് നവീകരിച്ച റോഡാണ് കനത്ത വെള്ളക്കെട്ടിൽ മുങ്ങിയത്.
ഇന്നലെ പകൽസമയം പലയിടങ്ങളിലും 3.5 അടിയോളം ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. റോഡരികിലെ ഭൂരിഭാഗം കുടുംബങ്ങളെയും ഇതിനോടകം തന്നെ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്.
വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ വീടുകളിലേക്ക് ശക്തിയായി വെള്ളം അടിച്ചു കയറുന്നതുമൂലം വാതിലുകളും ജനലുകളും തകർന്നു. ഒട്ടനവധി വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്.
മനയ്ക്കച്ചിറ, പൂവം, പാറയ്ക്കൽ കലുങ്ക്, കിടങ്ങറ എന്നീ ഭാഗങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. കരകവിഞ്ഞ് ഒഴുകുന്ന എസി കനാൽ എസി റോഡിലൂടെയാണ് കുതിച്ചൊഴുകുന്നത്.
കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച് എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന മുൻകാല ആവശ്യങ്ങളെ അവഗണിച്ചാണ് കോടികൾ ചെലവഴിച്ച് റോഡ് നവീകരിച്ചത്. എസി റോഡിൽ വെള്ളം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പൊലീസ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
എസ്യുവി മോഡൽ കാറുകൾ ഡ്രൈവർമാരുടെ ഉത്തരവാദിത്തത്തിൽ മാത്രം പൊലീസ് കടത്തിവിടുന്നുണ്ടായിരുന്നുവെങ്കിലും നിർദേശം മറികടന്ന് പോയ ചില വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. ഇരുചക്രവാഹനങ്ങളും കേടായി വഴിയിൽ നിന്നുപോയി.
ആലപ്പുഴയിലേക്ക് കാറുകളിലെത്തിയ വിനോദസഞ്ചാരികൾ റോഡിൽ കുടുങ്ങുന്ന സ്ഥിതിയുണ്ടായി. മനയ്ക്കച്ചിറയിൽ പൊലീസ് തടഞ്ഞതോടെ ടാക്സി കാറുകളിൽ എത്തിയ വിനോദസഞ്ചാരികൾ കെഎസ്ആർടിസി ബസിൽ കയറിയാണ് യാത്ര തുടർന്നത്.
ഗൾഫ്, ജർമനി തുടങ്ങി വിദേശരാജ്യങ്ങളിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നൂറുകണക്കിനു സഞ്ചാരികളാണ് ഇത്തരത്തിൽ പ്രതിസന്ധിയിലായത്. ടൂർ പാക്കേജിന്റെ ഭാഗമായി എത്തിയ ടാക്സി കാറുകൾ ചങ്ങനാശേരിയിൽ നിർത്തിയിട്ടിരിക്കുകയാണ്.
ഇരുചക്ര വാഹനങ്ങളിൽ ഓൾ ഇന്ത്യ ട്രിപ് നടത്തുന്ന ബംഗാളിൽ നിന്നുള്ള സംഘവും എസി റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി. റോഡിലെ വെള്ളത്തിന്റെ ഒഴുക്ക് കണ്ട് ആദ്യം പരിഭ്രാന്തരായെങ്കിലും പിന്നീട് വെള്ളം കയറിയ നടപ്പാതയിലൂടെ ഇവർ യാത്ര തുടർന്നു.
പാറയ്ക്കൽ കലുങ്ക് ഭാഗത്തുവെച്ച് ബൈക്ക് നിന്നുപോയെങ്കിലും പിന്നീട് സ്റ്റാർട്ട് ചെയ്യാനായി. ഇത്തരം അനുഭവം ജീവിതത്തിൽ ആദ്യമാണെന്നാണ് സംഘത്തിലുള്ള ഫറൂഖ്, ഫിറോസ് എന്നിവർ വ്യക്തമാക്കുന്നത്.
കിഴക്കൻ വെള്ളത്തെ തടഞ്ഞുനിർത്തുന്ന ഒരു ഡാം പോലെയാണ് എസി റോഡ് ഇപ്പോൾ മാറിയിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാറയ്ക്കൽ കലുങ്ക് ഉൾപ്പെടെയുള്ള പാലത്തിനടിയിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ പൂർണ്ണമായി നീക്കം ചെയ്തിട്ടില്ല.
നെൽക്കൃഷിക്കായി അടച്ച കലുങ്കുകളിൽ പലതും ഇതുവരെ തുറന്നുകൊടുത്തിട്ടുമില്ല. റോഡ് നിർമാണ വേളയിൽ തന്നെ നാട്ടുകാർ ഇത്തരം അപാകതകൾ ചൂണ്ടിക്കാണിച്ചിരുന്നതാണ്.
മനയ്ക്കച്ചിറ, പൂവം തുടങ്ങിയ ഭാഗങ്ങൾ ഉയർത്തി നിർമിക്കണമെന്ന ആവശ്യവും അവഗണിക്കപ്പെട്ടു. ടൂറിസ്റ്റുകൾ കൂടുതലായി എത്തുന്ന ഈ സീസണിലെ വെള്ളക്കെട്ട് മേഖലയിലെ ടൂറിസം മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

