രാജ്യത്ത് പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ നിർബന്ധിത തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി നൽകിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതുപ്രകാരം ഇനി മുതൽ പുതിയ കാറുകൾക്ക് നാല് വർഷത്തേക്കും ഇരുചക്ര വാഹനങ്ങൾക്ക് ആറ് വർഷത്തേക്കും മൂന്നാംകക്ഷി ഇൻഷുറൻസ് നിർബന്ധമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.
ഇൻഷുറൻസ് പരിരക്ഷയില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾ അപകടങ്ങളിൽ പെടുമ്പോൾ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക നടപടി. നിയമപരമായി കർശന വ്യവസ്ഥകൾ ഉണ്ടെങ്കിലും യാതൊരുവിധ ഇൻഷുറൻസ് പരിരക്ഷയുമില്ലാതെ നിരവധിയാളുകൾ വാഹനം ഓടിക്കുന്നുണ്ടെന്ന് ബെഞ്ച് എടുത്തുപറഞ്ഞു.
അപകടങ്ങളുണ്ടാകുമ്പോൾ അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇരകൾ വർഷങ്ങളോളം നിയമപോരാട്ടം നടത്തേണ്ടി വരുന്ന അവസ്ഥയ്ക്ക് വിരാമമിടേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. റോഡ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനും ദുരന്തങ്ങളിൽ പെടുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഇൻഷുറൻസ് കാലാവധി ഇത്തരത്തിൽ വർധിപ്പിച്ചിരിക്കുന്നത്.
ഇന്ധനം നൽകുന്നതും ഇൻഷുറൻസുമായി ബന്ധിപ്പിക്കാൻ നിർദേശം
സാധുവായ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം നൽകുന്നത് തടയുന്നതിനുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയവും ഇൻഷുറൻസ് നിയന്ത്രണ വികസന അതോറിറ്റിയും ആലോചിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങളും ഇൻഷുറൻസ് രേഖകളും തമ്മിൽ സംയോജിപ്പിച്ച് നിരീക്ഷണം കർശനമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ക്യാമറകളും മൊബൈൽ സംവിധാനവും ഉപയോഗിക്കും
വാഹനങ്ങളുടെ നമ്പറുകൾ സ്വയം തിരിച്ചറിയാൻ സാധിക്കുന്ന ക്യാമറകളെ ഇൻഷുറൻസ് ഡാറ്റാബേസുമായി ബന്ധിപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. പോലീസിന് ലഭ്യമാക്കിയിട്ടുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ വഴി വാഹനങ്ങളുടെ ഇൻഷുറൻസ് സ്റ്റാറ്റസ് തത്സമയം പരിശോധിക്കാനും നിയമലംഘനങ്ങൾ കണ്ടെത്തി ഉചിതമായ നടപടികൾ സ്വീകരിക്കാനുമുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും വ്യക്തമാക്കപ്പെട്ടു.
അപകടബാധിതർക്കുള്ള നഷ്ടപരിഹാരത്തിൽ സാങ്കേതിക തടസങ്ങൾ ഒഴിവാക്കണം
തെലങ്കാന ഹൈക്കോടതി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് നൽകിയ ഉത്തരവിനെതിരായ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. മോട്ടോർ വാഹന അപകട
നഷ്ടപരിഹാര കേസുകളിൽ അനാവശ്യ സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് ഇരകൾക്ക് അർഹമായ നീതി നിഷേധിക്കരുതെന്ന് കോടതി കർശനമായി ഓർമ്മിപ്പിച്ചു. നാല് ഘട്ട
ഇൻഷുറൻസ് പദ്ധതി
പുതിയ വാഹനം സ്വന്തമാക്കുന്നവർക്കായി നിർബന്ധിത തേർഡ് പാർട്ടി ഇൻഷുറൻസിനോടൊപ്പം തന്നെ, യാത്രക്കാർക്കുള്ള അധിക പരിരക്ഷ, വാഹന ഉടമയ്ക്കും ഡ്രൈവർക്കുമുള്ള വ്യക്തിഗത അപകട പരിരക്ഷ, വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾക്കുള്ള ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്ന നാല് ഘട്ടങ്ങളായുള്ള ഇൻഷുറൻസ് പദ്ധതി ലഭ്യമാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
നിലവിലുള്ള പഴയ അപകട നഷ്ടപരിഹാര കേസുകൾ എത്രയും വേഗം തീർപ്പാക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കാൻ സംസ്ഥാന പോലീസിനും നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

