നല്ല സിനിമകൾക്കൊപ്പം തന്നെ കാഴ്ചയും ശബ്ദവും മികച്ച രീതിയിൽ അനുഭവവേദ്യമാകുന്ന ആധുനിക തിയറ്ററുകൾക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ക്രിസ്റ്റഫർ നോളന്റെ ഒഡീസിയായാലും ചിദംബരത്തിന്റെ ബാലനായാലും, മികച്ച ദൃശ്യാനുഭവം നൽകുന്ന തിയറ്ററുകൾക്കാണ് ഇന്നത്തെ കാലത്ത് ആളുകൾ മുൻഗണന നൽകുന്നത്.
ഈ ഓണക്കാലത്ത് എറണാകുളം ജില്ലയിലെ തിയറ്റർ രംഗം വലിയൊരു നവീകരണത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കാക്കനാട് മാജിക് ഫ്രെയിംസിന്റെ തിയറ്റർ കോംപ്ലക്സ് ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് എൽഇഡി സ്ക്രീൻ എന്ന പ്രത്യേകതയോടെയാണ് പ്രവർത്തനത്തിന് ഒരുങ്ങുന്നത്.
കൂടാതെ, കേരളത്തിലെ ആദ്യത്തെ മൾട്ടിപ്ലക്സ് സ്ക്രീനുമായി ചരിത്രത്തിന്റെ ഭാഗമായ സരിത, സവിത, സംഗീത കോംപ്ലക്സിലെ സരിത തിയറ്റർ 700 സീറ്റുകളോടെയും അഞ്ച് വർഷത്തെ നവീകരണ ജോലികൾ പൂർത്തിയാക്കിയും ഈ ഓണത്തിന് വീണ്ടും തുറക്കുകയാണ്. പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ മൈമൂൺ തിയറ്റർ പിവിആർ ഏറ്റെടുത്ത് 4 സ്ക്രീനുകളോടെയാണ് ഒരുങ്ങുന്നത്.
പശ്ചിമ കൊച്ചിയിലെ ചുള്ളിക്കലുള്ള ഇവിഎം തിയറ്റർ ഡോൾബിയുടെ സഹകരണത്തോടെ വലിയ മാറ്റങ്ങൾക്ക് തയാറെടുക്കുന്നു. അങ്കമാലിയിലെ വിനോദ് തിയറ്റർ പാദുവ സിനിമാസ് ഏറ്റെടുത്ത് നവീകരിച്ചിട്ടുണ്ട്.
പിറവത്ത് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് തിയറ്ററും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. മലയാള സിനിമയ്ക്കൊപ്പം തന്നെ തിയറ്റർ മേഖലയും വമ്പൻ നിക്ഷേപങ്ങളുടെയും മാറ്റങ്ങളുടെയും പാതയിലാണ്.
കേരളത്തിൽ 800-ലധികം സ്ക്രീനുകൾ ഉള്ളതിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന പ്രധാന കേന്ദ്രം കൊച്ചിയാണ്. വലിയ തിയറ്റർ ഗ്രൂപ്പുകളിൽ പ്രീമിയം റിക്ലൈനറുകൾക്ക് ഉയർന്ന നിരക്കാണുള്ളതെങ്കിലും പ്രേക്ഷകർ ധാരാളമായി എത്തുന്ന കേന്ദ്രമെന്ന പ്രത്യേകതയും കൊച്ചിക്കുണ്ട്.
മാജിക് ഫ്രെയിംസ് കാക്കനാടേക്ക്
ഐടി സിറ്റിയായ കാക്കനാടേക്ക് സിനിമ കാണാൻ നല്ലൊരു തിയറ്ററില്ല എന്ന കുറവ് പരിഹരിക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിം മൂവീസ്. ഇൻഫോപാർക്കിന് സമീപം കിൻഫ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിനു സമീപമാണ് 4 സ്ക്രീനുകളുള്ള പുതിയ തിയറ്റർ സമുചയം ഒരുങ്ങിയിരിക്കുന്നത്.
എൽഇഡി ട്രാൻസ്പരന്റ് സ്ക്രീനുള്ള പ്രീമിയം തിയറ്ററിൽ 315 സീറ്റുകളും, 176 സീറ്റുകൾ വീതമുള്ള മറ്റു 3 സ്ക്രീനുകളും ഇവിടെയുണ്ട്. അഞ്ചാമത്തെ സ്ക്രീൻ വൈകാതെ നിർമിക്കും.
ഓഗസ്റ്റ് 17-നാണ് ഉദ്ഘാടനമെങ്കിലും ഓണച്ചിത്രങ്ങളോടെ തിയറ്റർ പ്രവർത്തനം ആരംഭിക്കും. കേരളത്തിലെ ഏറ്റവും മികച്ച പ്രീമിയം തിയറ്റർ അനുഭവമാണ് മാജിക് ഫ്രെയിംസ് വാഗ്ദാനം ചെയ്യുന്നത്.
‘‘കാക്കനാടുനിന്നു കൊച്ചി നഗരത്തിലെത്തി സിനിമ കണ്ടെത്തി മടങ്ങുന്നവർക്ക് ട്രാഫിക് ബ്ലോക്കിൽ 3 മണിക്കൂർ പോകും. അപ്പോൾ പലരും സിനിമയ്ക്കു പോകാൻ മടിക്കും.
അത്തരമൊരു ചിന്തയിൽനിന്നാണു കാക്കനാടൊരു തിയറ്റർ എന്ന ആലോചനയിലെത്തിയത്. ഒരു വർഷം 6 സൂപ്പർ ഹിറ്റുകളും 5– 6 ആവറേജ് ഹിറ്റുകളുമുണ്ടെങ്കിൽ ഒരു തിയറ്ററിനു പിടിച്ചുനിൽക്കാം.
സിനിമ കാണാൻ കൂടുതലെത്തുന്നതു യുവാക്കളാണ്. സാങ്കേതികമായി മികച്ച സൗകര്യങ്ങളുള്ള തിയറ്ററിൽ പോകാനാണ് അവരുടെ താൽപര്യം.
അപ്പോൾ മികച്ച കാഴ്ചയനുഭവം അവർക്കു നൽകണം ’’ എന്ന് നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കുന്നു. 2021-ൽ തിയറ്റർ ബിസിനസിലേക്കിറങ്ങിയ അദ്ദേഹത്തിന്റെ അൻപതാമത്തെ തിയറ്ററാണ് കാക്കനാടേത്.
പുതുമയോടെ സരിത തിയറ്റർ
കേരളത്തിലെ ആദ്യ മൾട്ടിപ്ലെക്സ് തിയറ്റർ സമുചയം എന്ന പദവിയുള്ള ബാനർജി റോഡിലെ സരിത, സവിത, സംഗീത തിയറ്ററുകൾ 1981 ഡിസംബർ 23-നാണ് മന്ത്രി ബേബി ജോൺ ഉദ്ഘാടനം ചെയ്തത്. പ്ലാന്ററായിരുന്ന കുരീത്തടം പത്രോസ് ഐസക് വേറിട്ടൊരു ബിസിനസ് എന്ന ചിന്തയിലാണ് ഇതിൽ നിക്ഷേപമിറക്കിയത്.
1200 സീറ്റുകളുണ്ടായിരുന്ന സരിത 5 വർഷത്തെ പുനരുദ്ധാരണത്തിനുശേഷമാണ് ഓണത്തിന് വീണ്ടും തുറക്കുന്നത്. പുതിയ സരിതയിൽ 700 മോഡേൺ ചെയറുകളും റീക്ലൈനറുകളും വലിയ സ്ക്രീനും ഡോൾബി അറ്റ്മോസും ഒരുക്കിയിട്ടുണ്ടെന്ന് തിയറ്ററിന്റെ സാരഥി ഐസക് ഫ്രാൻസിസ് പറയുന്നു.
‘‘തിയറ്റർ നിർമാണത്തിന് ഇന്നു ചെലവേറി. ഞാൻ 2000 ൽ മൂവാറ്റുപുഴയിൽ തിയറ്റർ നിർമിക്കുമ്പോൾ 2 കോടിയായിരുന്നു ചെലവ്.
ഇന്ന് ഉപകരണങ്ങൾക്കു മാത്രം അത്ര തുക വേണ്ടിവരും. കുടുംബത്തിന്റെ പാരമ്പര്യമായുള്ള സ്വത്തെന്ന നിലയിലാണു തിയറ്ററുകളെ നവീകരിക്കാൻ തീരുമാനിച്ചത്.
പ്രേക്ഷകനും മാറിയപ്പോൾ മാറ്റങ്ങളുൾക്കൊണ്ട് തിയറ്റർ പുതുക്കാൻ തീരുമാനിച്ചു. സരിത തുറക്കുമ്പോൾ സവിതയും സംഗീതയും നവീകരിക്കും’’ എന്ന് ഐസക് ഫ്രാൻസിസ് വ്യക്തമാക്കി.
രാജ്യത്തുടനീളം സാന്നിധ്യമുള്ള പിവിആർ ഗ്രൂപ്പ് മൈമൂൺ തിയറ്റർ സമുചയം ഏറ്റെടുത്തുകൊണ്ട് കൊച്ചിയിലെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുകയാണ്. അങ്കമാലിയിലും കാലടിയിലും പുതിയ തുടക്കം
അങ്കമാലി വിനോദ് തിയറ്റർ പാദുവ സിനിമാസ് ഏറ്റെടുത്ത് നവീകരിച്ചു.
3 സ്ക്രീനുകൾ ഓണത്തിന് തുറക്കാനാണ് ലക്ഷ്യമിടുന്നത്. പാദുവ സിനിമയ്ക്ക് കാലടിയിലും കൽപറ്റയിലും തിയറ്ററുകളുണ്ട്.
നടൻ ജയൻ 1979-ൽ ഉദ്ഘാടനം ചെയ്ത വിനോദ് തിയറ്റർ, 15 വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു. 57 വർഷത്തെ പാരമ്പര്യമുള്ള കാലടിയിലെ ജവഹർ തിയറ്റർ ക്യൂബ് സിസ്റ്റവും എസിയുമടക്കമുള്ള ആധുനിക സംവിധാനങ്ങളോടെ ‘ഡ്രീം ബിഗ് ’ എന്ന പേരിൽ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.
ഡോൾബിയുടെ പുതിയ കാലത്തേക്ക്
പശ്ചിമ കൊച്ചിയുടെ സിനിമാ ചരിത്രത്തിൽ ഇടംനേടിയ ‘സൂയി’ തിയറ്റർ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. 1980 ജൂലൈ 19-നാണ് മന്ത്രി ബേബി ജോൺ ഈ തിയറ്റർ നാടിന് സമർപ്പിച്ചത്.
പിന്നീട് ഇവിഎം ഗ്രൂപ്പ് ഏറ്റെടുത്ത ഈ തിയറ്റർ ഇപ്പോൾ ഡോൾബിയുടെ സാങ്കേതിക സഹായത്തോടെയാണ് നവീകരിക്കുന്നത്. ദർശനയിൽ നിന്ന് ആശിർവാദ്
പിറവം മേഖലയിലെ ആദ്യ എയർ കണ്ടിഷൻ തിയറ്ററായി 1979-ൽ പ്രവർത്തനം തുടങ്ങിയ ദർശന തിയറ്റർ നടൻ മധുവാണ് ഉദ്ഘാടനം ചെയ്തത്.
2014-ൽ പ്രവർത്തനം നിർത്തിയ ഈ തിയറ്റർ മൾട്ടിപ്ലക്സ് ആയി മാറ്റുന്നതിനിടെ പ്രളയത്തിലും കോവിഡിലും പ്രതിസന്ധി നേരിട്ടു. തുടർന്ന് 2025-ൽ ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് ഗ്രൂപ്പ് തിയറ്റർ ഏറ്റെടുക്കുകയും, നവീകരണം പൂർത്തിയാക്കി 3 സ്ക്രീനുകളിൽ പ്രദർശനം ആരംഭിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

