ഉൽപന്ന പാക്കറ്റുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പ്രമുഖ എഫ്എംസിജി കമ്പനിയായ ഡാബർ ഇന്ത്യയുടെ വിവിധ ഉൽപന്നങ്ങളുടെ വിൽപന ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിലക്കി. ‘100% നാച്ചുറൽ’, ‘100% ശുദ്ധം’, ‘100% പ്യൂരിറ്റി ഗ്രാന്റഡ്’, ‘100% ഓർഗാനിക്’, ‘100% കരിക്കിൻ വെള്ളം’ എന്നിങ്ങനെയുള്ള അവകാശവാദങ്ങൾ ഉന്നയിച്ച ഉൽപന്നങ്ങൾക്കെതിരെയാണ് അതോറിറ്റിയുടെ നടപടി.
തേൻ, പശുവിൻ നെയ്യ്, വിനാഗിരി, വെളിച്ചെണ്ണ, കരിക്കിൻ വെള്ളം, തേങ്ങാപ്പാൽ, എള്ളെണ്ണ തുടങ്ങി ഡാബറിന്റെ വിപണിയിലുള്ള പ്രധാന ഉൽപന്നങ്ങളാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. വിപണിയിലിറക്കുന്ന ഉൽപന്നങ്ങൾ ഉപഭോക്താക്കളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഇടപെടൽ.
നിയമലംഘനത്തിന്റെ വിശദാംശങ്ങൾ ഡാബർ ഹിമാലയൻ ഓർഗാനിക് ആപ്പിൾ സൈഡർ വിനാഗരി, ഡാബർ ഓർഗാനിക് ഹണി എന്നിവയിൽ മുൻകൂർ അനുമതിയില്ലാതെ ‘ജൈവിക് ഭാരത് ലോഗോ’ ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഡാബർ ഹോംമെയ്ഡ് കോക്കനട്ട് മിൽക്ക് ഉൽപന്നത്തിൽ ‘100% ശുദ്ധം’ എന്ന് രേഖപ്പെടുത്തിയത് 2018-ലെ എഫ്എസ്എസ് (അഡ്വർടൈസിങ് ആൻഡ് ക്ലെയിംസ്) ചട്ടങ്ങളുടെ കടുത്ത ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിലുള്ള നിയമമനുസരിച്ച് ഒന്നിലധികം ചേരുവകൾ അടങ്ങിയ ഉൽപന്നങ്ങളിൽ ‘100% ശുദ്ധം’ എന്ന് ഉന്നയിക്കാൻ അനുമതിയില്ല. നേരത്തെയും ഇത്തരം പരസ്യ അവകാശവാദങ്ങൾ പിൻവലിക്കാൻ കമ്പനിക്ക് നിർദേശം നൽകിയിരുന്നുവെങ്കിലും തൃപ്തികരമായ പരിഹാരനടപടികൾ കൈക്കൊള്ളാൻ കമ്പനിക്ക് സാധിച്ചില്ല.
നിരോധന നടപടിയുടെ പശ്ചാത്തലത്തിൽ ഇതുവരെ സ്വീകരിച്ച നപടികൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഡാബറിന് 15 ദിവസത്തെ സമയം എഫ്എസ്എസ്എഐ അനുവദിച്ചിട്ടുണ്ട്. ഓഹരി വിപണിയിലും തിരിച്ചടി ഭക്ഷ്യ സുരക്ഷാ അതോറിറ്റി വിൽപന നിരോധിച്ച വാർത്ത പുറത്തുവന്നതോടെ ഓഹരി വിപണിയിൽ ഡാബർ ഇന്ത്യയുടെ മൂല്യത്തിൽ ഇടിവുണ്ടായി.
ഉച്ചയ്ക്കു ശേഷമുള്ള ട്രേഡിങ് സെഷനിൽ എൻഎസ്ഇയിൽ കമ്പനിയുടെ ഓഹരിവില 3.36% ഇടിഞ്ഞ് 411.35 രൂപയിലേക്ക് താഴ്ന്നു. ഉൽപന്ന വിൽപന വിലക്കിയ നടപടിയെക്കുറിച്ച് വ്യക്തത വരുത്താൻ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഡാബർ ഇന്ത്യയോട് ഔദ്യോഗികമായി വിശദീകരണം തേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

