പാലക്കാട് നടന്ന കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനിടെ പ്രമുഖ രാഷ്ട്രീയ നേതാവ് സി.പി. ജോൺ നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ, സാമൂഹിക ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
പൊതുമേഖലാ സേവനങ്ങളോടുള്ള മലയാളി സമൂഹത്തിന്റെ സമീപനത്തെ വിമർശിക്കവേയാണ് അദ്ദേഹം വിവാദപരമായ നിരീക്ഷണങ്ങൾ നടത്തിയത്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾ തിക്കിത്തിരക്കി കയറുന്നത് കയ്യിൽ നൽകാൻ പണമില്ലാത്തതിനാലാണെന്നും, ഈ തുക ഉപയോഗിച്ച് അവർ കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുഗതാഗതം എന്നിവയിൽ മലയാളികൾ പുലർത്തുന്ന വിചിത്രമായ പെരുമാറ്റരീതികൾ തന്നെ അതിശയിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ചടങ്ങിൽ സംസാരിച്ചത് ഇങ്ങനെയാണ്: ‘‘അഭിനയം ചെറിയ കാര്യമല്ല. പാവപ്പെട്ടനായി പണക്കാരൻ അഭിനയിക്കുന്നു.
അല്ലെങ്കിൽ പണക്കാരനായി പാവപ്പെട്ടവൻ അഭിനയിക്കുന്നു. പക്ഷേ, എനിക്കു മനസിലാവാത്ത പെരുമാറ്റം ബസിനു കാശില്ലാത്ത സ്ത്രീകൾ സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ വിടുകയാണ്.
സർക്കാർ സ്കൂളുകളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീകൾ സർക്കാർ ആശുപത്രി വരാന്തയിൽ തന്റെ അച്ഛനെയും അമ്മയെയും കൊണ്ടു കിടക്കുകയാണ്.
കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുകയാണ്. ബസ് വന്നാൽ കാശ് കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും.
അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകാൻ പേടിയാണ്. കാരണം അവിടെ കൊടുക്കാൻ പണമില്ല.’’ പൊതുസേവനങ്ങളുടെ ഉപയോഗത്തെക്കുറിച്ചും ജനങ്ങളുടെ മനോഭാവത്തെക്കുറിച്ചും സംസാരിക്കവേ അദ്ദേഹം പ്രസംഗം തുടർന്നു: ‘‘പൊതുജനാരോഗ്യം, പൊതുഗതഗാതം, പൊതുവിദ്യാഭ്യാസം എന്നീ മൂന്നു കാര്യങ്ങളിൽ കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുകയാണ്.
പ്രിയദർശിനി വന്നപ്പോൾ നിങ്ങളുടെ ബസ് വിട്ട് പ്രിയദർശിനി കാത്തുനിന്ന് തിക്കിത്തിരക്കി ആളുകൾ പോകുന്നതിന്റെ കാരണം നിങ്ങളോടുള്ള വിരോധം കൊണ്ടോ എന്നോടുള്ള സ്നേഹം കൊണ്ടോ അല്ല. മറിച്ച് നമ്മുടെ നാട്ടിലെ കുടുംബിനികൾക്ക് കയ്യിൽ കാശില്ലാത്തത് കൊണ്ടാണ്’’ പൊതുസമൂഹത്തിലെ വൈരുദ്ധ്യങ്ങളെ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചതാണെങ്കിലും, സ്ത്രീകളെയും പൊതുജനങ്ങളെയും കുറിച്ചുള്ള ഈ വാക്കുകൾ ഇപ്പോൾ വൻ പ്രതിഷേധങ്ങൾക്കും വിയോജിപ്പുകൾക്കും കാരണമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

