അഞ്ച് മാസത്തോളം നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിച്ച് സമാധാന കരാറിലെത്താൻ ഇറാനുള്ള അവസാന അവസരമാണിതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സമാധാനാന്തരീക്ഷത്തിലേക്ക് മടങ്ങുമെന്ന് കരുതിയിരുന്ന ഇറാൻ-യുഎസ് സംഘർഷം വീണ്ടും കലുഷിതമാവുകയാണ്.
എന്നാൽ, അമേരിക്കയുമായി നിലവിൽ യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്നും ഹോർമുസ് കടലിടുക്ക് അടക്കമുള്ള വിഷയങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നുമാണ് ഇറാന്റെ നിലപാട്. അതേസമയം, ഹോർമുസ് വിഷയത്തിൽ ഒമാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
സംഘർഷം ശമിക്കുമെന്ന പ്രതീക്ഷയിൽ മുൻദിവസം ഇടിഞ്ഞ ക്രൂഡോയിൽ വില വീണ്ടും ഉയർന്നു തുടങ്ങിയത് ആഗോള വിപണിയിൽ ആശങ്ക പരത്തിയിട്ടുണ്ട്. ട്രംപിനെതിരെ നിയമപോരാട്ടം ശക്തമാകുന്നു
ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ മേൽ നിർബന്ധിത തൊഴിൽ ചൂണ്ടിക്കാട്ടി ഡോണൾഡ് ട്രംപ് ചുമത്തിയ തീരുവയ്ക്കെതിരെ രാജ്യത്ത് നിയമനടപടികൾ കടുക്കുകയാണ്.
തീരുവ നിയമത്തിനെതിരെ 25 സ്റ്റേറ്റുകളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. യുഎസ് വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരം ഏർപ്പെടുത്തിയ തീരുവ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചെറുകിട
വ്യാപാരികൾ നേരത്തെ തന്നെ കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ സ്റ്റേറ്റുകൾ നിയമപോരാട്ടവുമായി രംഗത്തെത്തിയത്.
നേരത്തെ ട്രംപിന്റെ പ്രതികാര തീരുവ യുഎസ് കോടതി റദ്ദാക്കിയിരുന്നു. പുതിയ തീരുമാനം രാജ്യത്തെ സാധാരണക്കാരുടെയും വ്യാപാരികളുടെയും മേൽ വലിയ സാമ്പത്തിക ഭാരമാണ് ഉണ്ടാക്കുന്നതെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം.
ക്രൂഡോയിൽ വിപണിയിലും യെൻ തകർച്ചയിലും മാറ്റങ്ങൾ
കഴിഞ്ഞ ദിവസം ഏഴ് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയ ക്രൂഡോയിൽ വിലയിൽ ഇന്ന് വീണ്ടും വർദ്ധനവ് ദൃശ്യമായി. ഇന്നലെ ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 4.2 ശതമാനം താഴ്ന്ന് 83.77 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചതെങ്കിൽ, ഇന്ന് വില ഉയർന്ന് 84.75 ഡോളറിലെത്തി.
ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 81.12 ഡോളറിലും, യുഎഇയുടെ മർബൻ വില അഞ്ച് ശതമാനത്തോളം ഇടിഞ്ഞ് 81 ഡോളറിലുമാണ് ഉള്ളത്.
നാല് പതിറ്റാണ്ടിലെ ഏറ്റവും വലിയ തകർച്ചയിൽ നിന്ന് ജാപ്പനീസ് യെന്നിനെ കരകയറ്റാൻ ജപ്പാനും യുഎസും ചേർന്ന് നടത്തിയ ഇടപെടലുകളും വിപണിയിൽ ഫലം കണ്ടില്ല. ഇന്നലെ അൽപ്പം മെച്ചപ്പെട്ട
യെൻ, ഇന്ന് ഡോളറിനെതിരെ 0.2 ശതമാനം ഇടിഞ്ഞ് 157.39ലേക്ക് എത്തി. ഇന്ത്യൻ ഓഹരി വിപണിയുടെ കുതിപ്പും ആശങ്കകളും
ക്രൂഡോയിൽ വിലയിലുണ്ടായ ഇടിവ് നൽകിയ ആത്മവിശ്വാസത്തിൽ ഇന്ത്യൻ ഓഹരി വിപണി തിങ്കളാഴ്ചയും നേട്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്.
തുടർച്ചയായ നാലാം ദിവസമാണ് വിപണി നേട്ടത്തിൽ തുടരുന്നത്. 544 പോയിന്റുകൾ വർദ്ധിച്ച് സെൻസെക്സ് 78,369ലും, 1.60% ഉയർന്ന് നിഫ്റ്റി 24,774.30ലും ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നതും വിപണിക്ക് കരുത്തായി. ഇന്റർഗ്ലോബ് ഏവിയേഷൻ, ടിസിഎസ്, ഇൻഫോസിസ്, എറ്റേണൽ, ഐടിസി, ആക്സിസ് ബാങ്ക് തുടങ്ങിയ പ്രമുഖ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഐടി സൂചികയിൽ ഇന്നലെ 2.5% മുന്നേറ്റമുണ്ടായി. നാല് വ്യാപാരദിനങ്ങളിലായി സെൻസെക്സ് 1873 പോയിന്റും നിഫ്റ്റി 788 പോയിന്റും മുന്നേറി.
കമ്പനികളുടെ മികച്ച ഒന്നാം പാദഫലങ്ങളും വാഹന വിൽപനയിലെ വളർച്ചയും ഇതിന് സഹായകരമായി. എന്നാൽ, നാളെ പുറത്തുവരാനിരിക്കുന്ന റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനത്തിൽ നിക്ഷേപകർക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
റിസർവ് ബാങ്കിന്റെ മൂന്നു ദിവസത്തെ പണനയ യോഗം ഇന്നും തുടരുകയാണ്. പലിശ നിരക്കുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെങ്കിലും, പണപ്പെരുപ്പം, സാമ്പത്തിക വളർച്ച തുടങ്ങിയ നിർണായക വിഷയങ്ങളിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര നടത്തുന്ന പരാമർശങ്ങൾ വിപണിക്ക് നിർണായകമാകും.
കഴിഞ്ഞ മാസത്തെ പണപ്പെരുപ്പം ആർബിഐയുടെ സഹനപരിധിയായ 4 ശതമാനത്തിന് മുകളിലാണെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ, പുതിയ ക്ലോസിങ് സമയം നടപ്പിലാക്കിയ ഇന്നലത്തെ വ്യാപാരത്തിന്റെ അവസാന നിമിഷങ്ങളിൽ വിപണിയിലുണ്ടായ കുതിച്ചുചാട്ടം നിക്ഷേപകരെ അത്ഭുതപ്പെടുത്തി.
ക്ലോസിംഗിന് രണ്ടു മിനിറ്റ് മുമ്പ് നിഫ്റ്റി 201 പോയിന്റുകൾ ഉയർന്നതാണ് സൂചികയെ 1.6 ശതമാനം നേട്ടത്തിലേക്ക് നയിച്ചത്. ഗിഫ്റ്റ് നിഫ്റ്റി 78 പോയിന്റോളം ഉയർന്നുനിൽക്കുന്നതിനാൽ ഇന്ത്യൻ വിപണി ഇന്നും നേട്ടത്തോടെ വ്യാപാരം ആരംഭിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
യുഎസ് വിപണികളിലെ റെക്കോർഡ് കുതിപ്പും ഏഷ്യൻ വിപണികളുടെ അവസ്ഥയും
ക്രൂഡോയിൽ വിലയിടിവ് യുഎസ് വിപണികൾക്കും വലിയ നേട്ടമാണ് സമ്മാനിച്ചത്. ആമസോണിന്റെ വിപണി മൂല്യം ചരിത്രത്തിൽ ആദ്യമായി 3 ലക്ഷം കോടി ഡോളർ കടന്നു.
എൻവിഡിയ, മെറ്റ, ആൽഫബെറ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങൾ ഡോണൾഡ് ട്രംപ് പിൻവലിച്ചതും ജൂലൈയിലെ മാനുഫാക്ചറിങ് കണപ്പുകൾ മെച്ചപ്പെട്ടതും വിപണിയുടെ ആവേശം വർദ്ധിപ്പിച്ചു.
ഡൗ ജോൺസ് സൂചിക 700 പോയിന്റിലധികം കയറി പുതിയ റെക്കോർഡ് കുറിച്ചു. ഈ വർഷം 22-ാം തവണയാണ് സൂചിക സ്വന്തം റെക്കോർഡ് തിരുത്തിക്കുറിക്കുന്നത്.
എസ് ആൻഡ് പി 1.5 ശതമാനവും നാസ്ഡാക് 2.1 ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി ഇന്നത്തെ ഏഷ്യൻ ഓഹരി വിപണികൾ ചാഞ്ചാട്ടത്തിലാണ് നീങ്ങുന്നത്.
നേട്ടത്തോടെ തുടങ്ങിയെങ്കിലും പിന്നീട് സൂചികകൾ നഷ്ടത്തിലേക്ക് വഴിമാറുന്ന കാഴ്ചയാണ് ഉള്ളത്. ജപ്പാനിലെ നിക്കെയ് സൂചിക അരശതമാനത്തോളം താഴ്ന്നു.
കൊറിയൻ കോസ്പി സൂചികയും ഷാൻഹായ് സൂചികയും സമാനമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഹോങ്കോങ് സൂചികയാകട്ടെ 0.5 ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

