സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്ത് കനത്ത പ്രളയഭീഷണിയിൽ. മീനച്ചിലാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പഞ്ചായത്തിലെ ആകെയുള്ള 19 വാർഡുകളിലെ 8064 വീടുകളിൽ 7924 വീടുകളിലും വെള്ളം കയറി.
അതായത് ആകെ വീടുകളുടെ 98 ശതമാനത്തോളം ഭാഗങ്ങളിലാണ് പ്രളയജലം എത്തിയിരിക്കുന്നത്. ഒരു പഞ്ചായത്തിലെ ഇത്രയധികം ഭൂരിപക്ഷം വീടുകളിൽ വെള്ളം കയറുന്നത് സംസ്ഥാനത്ത് തന്നെ വളരെ അപൂർവമായ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
പഞ്ചായത്തിലെ താരതമ്യേന ഉയർന്ന പ്രദേശങ്ങളായ ചെങ്ങളം, കിളിരൂർ എന്നീ മേഖലകളിലെ 140 വീടുകളിൽ മാത്രമാണ് നിലവിൽ വെള്ളം കയറാത്തത്. 33.59 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും സമതലങ്ങളും പാടശേഖരങ്ങളുമാണ്.
ആകെ ഭൂപ്രകൃതിയുടെ 21 ശതമാനവും ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒൻപതിനായിരമാണ് സ്ഥിതി ചെയ്യുന്നത്. കടുത്ത മഴക്കെടുതിയിൽ കഴിഞ്ഞ 2018 ലെ മഹാപ്രളയത്തിൽ പോലും ഇത്രത്തോളം ജലനിരപ്പ് ഉയർന്നിരുന്നില്ലെന്നാണ് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നത്.
അന്ന് പേരിനുമാത്രം വെള്ളം ബാധിച്ച പഞ്ചായത്ത് ഓഫീസ് ഇത്തവണ പൂർണമായും വെള്ളത്തിനടിയിലായി. ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കുന്നതിനായി ആകെ 13 ക്യാംപുകൾ തുറന്നിട്ടുണ്ട്.
ഇതിലൂടെ 250 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവാർപ്പിൽ ആവശ്യത്തിന് സ്ഥലസൗകര്യം ലഭ്യമല്ലാത്തതിനാൽ കോട്ടയത്തും ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയ സജിമോൻ വ്യക്തമാക്കി.
കോട്ടയം നട്ടാശേരിയിൽ റോഡിൽ അഞ്ചടിയോളം വെള്ളം കയറിയതിനെ തുടർന്ന് വയോധികരെ വാർപ്പിൽ കസേരയിട്ട് ഇരുത്തി ബന്ധുവീടുകളിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള ദുരിതക്കാഴ്ചകളാണ് ജില്ലയിൽ നിന്നുളളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

