വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപിന്റെ അന്ത്യശാസനം പുറത്തുവന്നത്. അമേരിക്കയുമായി ചർച്ചകളൊന്നും നടക്കുന്നില്ലെന്നും ഒമാനുമായി മാത്രമാണ് ആശയവിനിമയമെന്നുമുള്ള ഇറാന്റെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്.
അമേരിക്കയുമായി ചർച്ചകൾക്കായി ഇറാൻ അപേക്ഷിച്ചിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. അമേരിക്കയുമായി കൂടിക്കാഴ്ച നടത്താൻ ഇറാൻ തന്നെ സമീപിച്ചെന്നും ചർച്ചകൾ ആരംഭിക്കുകയും തുടർകൂടിക്കാഴ്ചകൾ നിശ്ചയിക്കുകയും ചെയ്ത ശേഷമാണ് പൊതുവേദിയിൽ അമേരിക്കയുമായി ചർച്ചകളില്ലെന്നും ഒമാനുമായാണ് സംസാരിക്കുന്നതെന്നുമുള്ള അവകാശവാദം ഉയർത്തുന്നതെന്ന് ട്രംപ് വിമർശിച്ചു.
ഇറാൻ ഇരട്ടത്താപ്പ് കാണിക്കുന്നവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് ആധിപത്യമുണ്ടെന്ന ഇറാന്റെ അവകാശവാദവും ട്രംപ് തള്ളി.
അമേരിക്കൻ നാവികസേനയുടെ ശക്തമായ സാന്നിധ്യവും സുരക്ഷാ വിന്യാസവും കാരണം ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം നിലവിൽ അമേരിക്കയുടെ കൈകളിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാനിലേക്ക് ഉപരോധത്തിൽ ഇളവ് നൽകുക സമഗ്രമായ ഒരു കരാറിലെത്തുകയോ അല്ലെങ്കിൽ ഇറാൻ പൂർണമായി കീഴടങ്ങുകയോ ചെയ്താൽ മാത്രമായിരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
അമേരിക്കയുടെ അനുമതിയില്ലാതെ ഇറാനിലേക്ക് ഒന്നും എത്തില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. പതിറ്റാണ്ടുകളായി ഇറാൻ സൃഷ്ടിച്ച പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും, ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും ട്രംപ് ആവർത്തിച്ചു.
അമേരിക്കൻ സമ്മർദവും മേഖലയിൽ വർധിച്ചുവരുന്ന സംഘർഷാവസ്ഥയും കണക്കിലെടുത്ത് ഒമാൻ മധ്യസ്ഥശ്രമങ്ങൾ തുടരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രതികരണം പുറത്തുവന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

