ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി പുതിയ പ്രഖ്യാപനവുമായി ഒമാൻ ഭരണകൂടം രംഗത്തെത്തി. വിദേശികളുടെ താമസനിയമവുമായി ബന്ധപ്പെട്ട
എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2026 ഓഗസ്റ്റ് 2-ന് ഒമാന്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലൂടെയാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.
നയപരമായ മാറ്റങ്ങളുടെ ഭാഗമായി, നിർദ്ദിഷ്ട രാജ്യങ്ങളിലെ പൗരന്മാർക്ക് അപേക്ഷയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട
അധികൃതർ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കും. എന്നാൽ, ഏത് രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഈ സൗജന്യം ലഭിക്കുക എന്നതുസംബന്ധിച്ച ഔദ്യോഗിക പട്ടിക വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
സൗജന്യ വിസയിൽ ഒമാനിലെത്തുന്ന സന്ദർശകർക്ക്, 14 ദിവസത്തെ കാലാവധി അവസാനിക്കുന്നതിന് മുൻപായി മറ്റ് ടൂറിസ്റ്റ് വിസകളിലേക്ക് മാറുന്നതിനുള്ള അവസരവുമുണ്ട്. ഇതിനായി നിലവിലുള്ള ചട്ടങ്ങളും നിബന്ധനകളും ഫീസുകളും ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഗൾഫ് മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഒമാൻ, സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രകൃതിഭംഗിയും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്നു. ഹജർ പർവതനിരകൾ, വിശാലമായ മരുഭൂമികൾ, ചരിത്രപ്രസിദ്ധമായ കോട്ടകൾ, മനോഹരമായ കടൽത്തീരങ്ങൾ എന്നിവയ്ക്കൊപ്പം സലാലയിലെ ഖരീഫ് സീസണും ഒമാന്റെ പ്രധാന പ്രത്യേകതകളാണ്.
ജൂൺ 21-ന് ആരംഭിച്ച ഈ വർഷത്തെ ഖരീഫ് സീസൺ സെപ്റ്റംബർ 21 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ കാലയളവിൽ ധോഫാർ ഗവർണറേറ്റ് പച്ചപ്പണിഞ്ഞ് സഞ്ചാരികൾക്കായി ഒരുങ്ങും.
ഗൾഫിലെ മറ്റു പ്രദേശങ്ങളിൽ കടുത്ത വേനൽ അനുഭവപ്പെടുന്ന സമയത്ത് സലാലയിൽ താരതമ്യേന തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. കടൽത്തീരങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയ്ക്ക് പുറമെ, ഈ വർഷത്തെ ഖരീഫ് ആഘോഷങ്ങളുടെ ഭാഗമായി 125 സാംസ്കാരിക, കലാ, കായിക, വിനോദ പരിപാടികളും ധോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്നുണ്ട്.
രാജ്യത്തെ ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനും അന്താരാഷ്ട്ര സന്ദർശകരുടെ വരവ് വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ പദ്ധതി. അതേസമയം, ആനുകൂല്യം ലഭിക്കുന്ന രാജ്യങ്ങളുടെ ഔദ്യോഗിക പട്ടിക പുറത്തുവന്നാൽ മാത്രമേ ഈ സൗകര്യം ആർക്കൊക്കെ ലഭ്യമാകും എന്നതിൽ വ്യക്തത വരൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

