മുക്കം പുൽപറമ്പ് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടർന്ന് നവവധൂവരന്മാരെ ബോട്ടിൽ വിവാഹ വേദിയിലെത്തിച്ച് സന്നദ്ധ സേന പ്രവർത്തകൻ. പുൽപറമ്പിലെ എൻസി ഓഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹമാണ് ശക്തമായ മഴയെത്തുടർന്ന് മാറ്റേണ്ടി വന്നത്.
ഓഡിറ്റോറിയത്തിന് ചുറ്റും വെള്ളം നിറഞ്ഞതോടെയാണ് മുക്കത്തെ ഓർഫനേജിനു കീഴിലുള്ള ഒഎസ്എ ഓഡിറ്റോറിയത്തിലേക്ക് ചടങ്ങുകൾ മാറ്റിയത്. ‘എന്റെ മുക്കം’ സന്നദ്ധ സേനയുടെ സ്കൂബ ടീം അംഗമായ ഷബീർ പുൽപറമ്പ് ആണ് നവവധൂവരന്മാർക്ക് തുണയായത്.
പുൽപറമ്പ് ആയിപ്പറ്റ കുന്നിലെ സി.ടി.ബദറുസ്സമാന്റെയും നുസ്രിയയുടെയും മകൻ അൽത്താഫുസ്സമാന്റെയും, മലപ്പുറം സ്വദേശികളായ പി.പി.അബ്ദുസ്സലാമിന്റെയും റംലയുടെയും മകൾ പി.പി.ഷാമിലയുടെയും വിവാഹത്തിനാണ് ഈ വ്യത്യസ്തമായ യാത്ര വേണ്ടിവന്നത്. പുൽപറമ്പ് ആയിപൊറ്റമ്മൽ കുന്നിലെ വീട്ടിൽ നിന്ന് ഗതാഗത സൗകര്യമുള്ള സ്ഥലത്തേക്ക് ഷബീറിന്റെ നേതൃത്വത്തിലുള്ള ബോട്ട് മാർഗമാണ് വധൂവരന്മാരെ എത്തിച്ചത്.
എൻസി ഓഡിറ്റോറിയത്തിൽ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നുവെങ്കിലും ഇന്നലെ രാവിലെ വെള്ളമിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കൾ. എന്നാൽ ശക്തമായ മഴ തുടർന്നതോടെ ഓഡിറ്റോറിയത്തിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു.
മലപ്പുറത്തുനിന്നുള്ള വധുവിനെ നേരത്തെ തന്നെ പുൽപറമ്പിൽ എത്തിച്ചിരുന്നെങ്കിലും റോഡുകൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയത് വലിയ പ്രതിസന്ധിയായി. തുടർന്ന് മാറ്റിവെച്ച മുക്കത്തെ ഒഎസ്എ ഓഡിറ്റോറിയത്തിലേക്ക് എത്താൻ റോഡുകൾ വെള്ളത്തിലായതോടെയാണ് ഷബീർ പുൽപറമ്പ് സഹായവുമായി എത്തിയത്.
ഒടുവിൽ പ്രതിസന്ധികൾ തരണം ചെയ്ത് നവവമ്പതികളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

