തൊടുപുഴ: ഇടുക്കി ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ മലങ്കര ഡാം ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനം. പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
സുരക്ഷ മുൻനിർത്തി ഷട്ടറുകൾ ഘട്ടം ഘട്ടമായി ഒന്നര മീറ്റർ വരെയാണ് ഉയർത്തുക. തൊടുപുഴയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മൂവാറ്റുപുഴ മേഖലയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മുൻകൂട്ടി മാറ്റിപ്പാർപ്പിച്ചിരുന്നു. ഇലാഹിയ നഗർ, കൊച്ചങ്ങാടി തുടങ്ങിയ ഭാഗങ്ങളിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വെള്ളം ഇറങ്ങിയതിനെ തുടർന്ന് വീടുകൾ ശുചീകരിച്ച് താമസയോഗ്യമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വീണ്ടും വെള്ളം കയറിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്.
മഴയെ തുടർന്ന് ചെറുതോണി-കട്ടപ്പന പാതയിലും വണ്ണപ്പുറം-ചേലച്ചുവട് റോഡിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇതിനിടെ, ജില്ലയിലെ കല്ലാർകുട്ടി, പാമ്പ്ല, കല്ലാർ, ഇരട്ടയാർ തുടങ്ങിയ ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നുണ്ട്.
അതിനിടെ, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

