പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ആറുവയസ്സുകാരൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ മൂന്ന് പതിറ്റാണ്ടായി ഒളിവിൽ കഴിഞ്ഞിരുന്ന ലോറി ഡ്രൈവർ പിടിയിൽ. തമിഴ്നാട് പഴയ മദ്രാസ് മോസ്ക് സ്ട്രീറ്റ് സ്വദേശി ഇളന്തമിഴൻ പരമശിവം ആണ് ആലത്തൂർ പൊലീസിന്റെ പിടിയിലായത്.
1995 ഡിസംബർ 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാനൂർ കേരളപ്പറമ്പ് ദാറുൽഹിദായയിൽ അബ്ദുൾ റഹ്മാന്റെയും ഹവ്വാമ്മയുടെയും മകൻ ഉമർ ഫാറൂഖ് മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പഴയ ദേശീയപാതയിലെ വാനൂരിൽ വെച്ച് ലോറിയിടിച്ച് മരണപ്പെട്ടത്.
അപകടത്തെ തുടർന്ന് അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. എന്നാൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇളന്തമിഴൻ കോടതി നടപടികളിൽ നിന്നും ഒളിച്ചോടുകയും വിചാരണയ്ക്ക് ഹാജരാകാതിരിക്കുകയും ചെയ്തു.
തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. തുടർനടപടികളുടെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ചെന്നൈയിലെ പുതിയ മേൽവിലാസം കണ്ടെത്താൻ പൊലീസിന് സാധിച്ചു.
തുടർന്ന് പൊലീസ് സംഘം നടത്തിയ കൃത്യമായ നീക്കത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

