കൊല്ലം: ലഹരിവിപത്തിനെതിരെ സാമൂഹിക തലത്തിൽ ശക്തമായ പ്രതിരോധം ഉയർന്നുവരണമെന്ന് മാതാ അമൃതാനന്ദമയി ആഹ്വാനം ചെയ്തു. കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച ‘വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം’ എന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ലഹരി ഉപയോഗം ഒരു ബാഹ്യപ്രശ്നം മാത്രമല്ലെന്നും അത് സമൂഹത്തിന്റെ ആഴങ്ങളിലേക്ക് പടർന്നുപന്തലിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു വ്യക്തി ലഹരിക്ക് അടിമപ്പെടുമ്പോൾ തകരുന്നത് ഒരു മുഴുവൻ സമൂഹവും അതിൻ്റെ മൂല്യങ്ങളുമാണ്.
അതിനാൽ തന്നെ സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം സാധ്യമാക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ ദേശീയ പ്രചാരണത്തിൽ പങ്കാളികളാകുന്നത്.
ലഹരിമുക്ത സമൂഹത്തിനായുള്ള അമൃതാനന്ദമയി മഠത്തിന്റെ പ്രവർത്തനങ്ങൾക്ക് വർഷങ്ങളുടെ പാരമ്പര്യമുണ്ട്. 2014-ൽ സ്കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് എയിംസിൽ തുടക്കമിട്ട
‘വിമുക്തി‘ പദ്ധതി പിന്നീട് കേരള സർക്കാരും ഏറ്റെടുക്കുകയായിരുന്നു. ഇതിനുപുറമേ, രാജ്യത്തെ 18 സംസ്ഥാനങ്ങളിലെ 1600 ഗ്രാമങ്ങളിലായി അമ്പതിനായിരത്തിലധികം വിദ്യാർഥികളിലേക്ക് എത്തിയ ‘അമൃത അവെയർനെസ് അംബാസഡർ‘ പരിപാടിയും മഠം വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്.
അമൃതപുരിയിൽ രാവിലെ 11 മണിക്ക് സംഘടിപ്പിച്ച ചടങ്ങിൽ ജനപങ്കാളിത്തം ശ്രദ്ധേയമായി. ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കുഴിത്തറ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ചടങ്ങിന് മാറ്റുകൂട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

