കോട്ടയം ജില്ലയിലെ പൂഞ്ഞാർ പയ്യാനിത്തോട്ടത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട റെജീന ജോണി, മകൻ ജോസഫിൻ ജോണി എന്നിവരുടെ സംസ്കാര ചടങ്ങുകൾ വികാരാധീനമായ അന്തരീക്ഷത്തിൽ നടന്നു.
പയ്യാനിത്തോട്ടം സെന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിലാണ് ഇരുവരുടെയും ഭൗതികശരീരം സംസ്കരിച്ചത്. പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങളിൽ ജലവിഭവ-ഭവന നിർമാണ വകുപ്പുമന്ത്രി മോൻസ് ജോസഫ് അന്തിമോപചാരമർപ്പിച്ചു.
സംസ്കാര ചടങ്ങുകളിൽ സമൂഹത്തിന്റെ നാനാതുറകളിലുമുള്ള നിരവധി പ്രമുഖർ പങ്കെടുത്തു. എംപി ആന്റോ ആന്റണി, എംഎൽഎ എം.ജെ.സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ.ശ്രീകല, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് പി.സുബ്രഹ്മണ്യൻ, പാലാ ആർഡിഒ ഷാഹിന രാമകൃഷ്ണൻ, മീനച്ചിൽ തഹസീൽദാർ സജിമോൻ മാത്യു തുടങ്ങിയവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.
വൻ ജനാവലിയാണ് ഇരുവർക്കും അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

