പത്തനംതിട്ട ജില്ലയിൽ അതിരൂക്ഷമായ മഴക്കെടുതിക്ക് പിന്നാലെ രക്ഷാപ്രവർത്തനങ്ങളുടെയും ദുരിതാശ്വാസ ഏകോപനത്തിന്റെയും പേരിൽ ഗുരുതരമായ വീഴ്ചകൾ ആരോപിച്ച് ഭരണപക്ഷത്തുനിന്നും കടുത്ത വിമർശനങ്ങൾ.
മുൻകൂട്ടി യാതൊരുവിധ മുന്നറിയിപ്പും നൽകാതെ ഡാമുകൾ തുറന്നത് വഴി ജില്ലയിൽ കൃത്രിമ വെള്ളപ്പൊക്കമാണ് ഉണ്ടായതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പരസ്യമായി കുറ്റപ്പെടുത്തി. അർദ്ധരാത്രിയോടെ രണ്ട് പ്രധാന ഡാമുകളിലെ വെള്ളം മുന്നറിയിപ്പില്ലാതെ ഒഴുക്കിവിട്ടത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും ഇത് സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്ക് ആശ്വാസമായത് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പ്രധാന ചുമതലയുള്ള റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നും കടുത്ത ഏകോപനമില്ലായ്മയാണ് ഉണ്ടായതെന്ന് ഭരണപക്ഷ എം.എൽ.എമാർ തന്നെ തുറന്നടിച്ചിട്ടുണ്ട്.
ആറന്മുള മേഖലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നെങ്കിലും പലയിടത്തും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ വലിയ പോരായ്മകളുണ്ടായി. റാന്നിയിലെ പ്രളയബാധിതരായ വ്യാപാരികളുടെ സ്ഥാപനങ്ങൾ വൃത്തിയാക്കുന്നതിനടക്കം വേണ്ടത്ര സർക്കാർ പിന്തുണ ലഭിച്ചില്ലെന്ന പരാതിയുമുണ്ട്.
ഭരണപക്ഷ എം.എൽ.എമാർ ചൂണ്ടിക്കാണിച്ച ഈ പോരായ്മകൾ റവന്യൂ മന്ത്രിയും ഒടുവിൽ അംഗീകരിച്ചിട്ടുണ്ട്. വിഷയത്തിൽ അടിയന്തരമായ ഇടപെടലുകളും തിരുത്തൽ നടപടികളും ഉണ്ടാകുമെന്നാണ് സർക്കാരിന്റെ വിശദീകരണം.
റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ തമ്മിലുള്ള പരസ്പര ഏകോപനമില്ലായ്മയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്കിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജില്ലയിൽ നേരിട്ടെത്തി ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ നൽകുന്ന നിർദ്ദേശങ്ങൾ പോലും താഴെത്തട്ടിലേക്ക് ഫലപ്രദമായി എത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

