ദിനോസറുകളുടെ വംശനാശത്തിലേക്ക് നയിച്ച ഛിന്നഗ്രഹ പതനം ദീർഘകാല ശൈത്യകാലത്തിന് പുറമെ അതിഭീകരമായ അഗ്നിക്കാറ്റുകൾക്കും കാരണമായിരുന്നതായി പുതിയ ശാസ്ത്രീയ പഠനം വ്യക്തമാക്കുന്നു. മനുഷ്യർക്ക് അതിജീവിക്കാൻ സാധിക്കുന്ന താപപരിധിയേക്കാൾ ഏകദേശം 17 മടങ്ങ് അധികമുള്ള ചൂടാണ് അന്ന് ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെട്ടിട്ടുണ്ടാവുകയെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ആറു മൈൽ അതായത് ഏകദേശം 10 കിലോമീറ്റർ വീതിയുള്ള ഛിന്നഗ്രഹം മെക്സിക്കോയിലെ യുകാറ്റാൻ ഉപദ്വീപിൽ പതിച്ചാണ് വൻ ദുരന്തം സൃഷ്ടിച്ചത്. ഈ ആഘാതത്തെ തുടർന്നാണ് പ്രശസ്തമായ ചിക്സുലബ് ഗർത്തം രൂപംകൊണ്ടത്.
പതനത്തിന്റെ ആഘാതത്തിൽ പാറകൾ ബാഷ്പീകരിക്കപ്പെട്ട് അന്തരീക്ഷത്തിലേക്ക് ഉയരുകയും, പിന്നീട് ഇവ ചെറു ഗോളാകൃതിയിലുള്ള കണങ്ങളായി മാറി ഭൂമിയെ ചുറ്റി അതിവേഗം അന്തരീക്ഷത്തിലേക്ക് തിരികെ പതിക്കുകയും ചെയ്തു. ഈ കണങ്ങൾ അന്തരീക്ഷത്തിലൂടെ താഴേക്ക് പതിക്കുന്ന വേളയിൽ അവയുടെ ചലന ഊർജം താപമായി മാറി ശക്തമായ താപ വികിരണങ്ങൾക്ക് കാരണമായി.
മുൻകാല പഠനങ്ങളിൽ ഈ ചൂട് തുറന്ന പ്രദേശങ്ങളിലെ ജീവികൾക്ക് ഹാനികരമായിരുന്നുവെങ്കിലും ആഗോളതലത്തിൽ സസ്യങ്ങളെ പൂർണ്ണമായി നശിപ്പിക്കാൻ പോന്നതായിരുന്നില്ലെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ പുതിയ പഠനം മുൻകാല കണക്കുകൂട്ടലുകളിൽ ഉൾപ്പെടുത്താത്ത ചില നിർണായക വസ്തുതകളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ഛിന്നഗ്രഹ ആഘാതത്തെ തുടർന്ന് അന്തരീക്ഷത്തിൽ രൂപപ്പെട്ട അതിസൂക്ഷ്മമായ സിലിക്കേറ്റ് പൊടി വലിയ അളവിൽ നിലനിന്നിരുന്നു.
ഈ പൊടിപടലങ്ങൾ ഒരു പുതപ്പ് പോലെ പ്രവർത്തിച്ച് ഭൂമിയിലെ ചൂട് ബഹിരാകാശത്തേക്ക് നഷ്ടപ്പെടുന്നത് തടഞ്ഞു. ഇതോടെ ഭൂമിയുടെ ഉപരിതലത്തിലെ താപനില ക്രമാതീതമായി ഉയർന്നു.
പർഡ്യൂ സർവകലാശാലയിലെ ഗ്രഹശാസ്ത്രജ്ഞനായ ബ്രാൻഡൻ ജോൺസൺ നേതൃത്വം നൽകിയ ഗവേഷക സംഘമാണ് ഈ സുപ്രധാന പഠനം പൂർത്തിയാക്കിയത്. പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം ഭൂമിയുടെ ഉപരിതലത്തിലേറ്റ താപാഘാതം മുൻപ് കണക്കാക്കിയതിനേക്കാൾ ഏകദേശം 3.5 മടങ്ങ് അധികമായിരുന്നു.
ആഘാതത്തിന്റെ “ആദ്യ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ തന്നെ വലിയ തോതിൽ ജീവജാലങ്ങൾ നശിച്ചിരിക്കാം” എന്നാണ് ഗവേഷകർ നിരീക്ഷിക്കുന്നത്. പുല്ല്, പായൽ, പൈൻ ഇലകൾ തുടങ്ങിയവ വേഗത്തിൽ കത്താൻ ആവശ്യമായ താപനില ഈ ഘട്ടത്തിൽ കൈവരിക്കപ്പെട്ടിരുന്നു.
ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ കാട്ടുതീക്ക് കാരണമായെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഭൂമിക്കടിയിലും വെള്ളത്തിനടിയിലും അഭയം തേടിയ ജീവികൾക്ക് ഈ പ്രാരംഭ താപാഘാതത്തിൽ നിന്നും ഭാഗികമായി രക്ഷപ്പെടാൻ കഴിഞ്ഞിട്ടുണ്ടാകാം.
തുടർന്ന് അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ സൂര്യപ്രകാശത്തെ പൂർണ്ണമായി തടസ്സപ്പെടുത്തിയതോടെ വർഷങ്ങളോളം നീണ്ടുനിന്ന കഠിനമായ ശൈത്യകാലം ആരംഭിക്കുകയായിരുന്നു. ദിനോസറുകളുടെ വംശനാശത്തിന് പ്രധാന കാരണമായി ഇതുവരെ ശാസ്ത്രലോകം വിലയിരുത്തിയിരുന്നത് ഈ ദീർഘകാല ശൈത്യകാലത്തെയായിരുന്നു.
നിലവിൽ ഈ അഗ്നിക്കാറ്റ് സിദ്ധാന്തത്തെ സാധൂകരിക്കുന്ന കാട്ടുതീയുടെ തെളിവുകൾ വടക്കേ അമേരിക്കയിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. എങ്കിലും വരുംകാലങ്ങളിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ തെളിവുകൾ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷക സംഘം.
ദിനോസറുകളുടെ തിരോധാനത്തെക്കുറിച്ചുള്ള ശാസ്ത്രീയ കാഴ്ചപ്പാടുകളിൽ നിർണായക മാറ്റങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ പുതിയ കണ്ടെത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

