സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. റോഡുകൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് പലയിടത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
വെള്ളം ഒഴുകിപ്പോകാത്ത സാഹചര്യത്തിൽ കെഎസ്ആർടിസി നിരവധി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമനം വന്നിട്ടുണ്ടെങ്കിലും പല ഭാഗങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ട്.
ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ കിടങ്ങൂർ, പാല കൊട്ടാരമറ്റം, മൂന്നാനി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം പൂർണ്ണമായി ഇറങ്ങിയിട്ടില്ല. ഇതുവഴിയുള്ള ഗതാഗതം ഇതുവരെ സാധാരണ നിലയിലായിട്ടില്ല.
കൂടാതെ ഏറ്റുമാനൂർ, പാറോലിക്കൽ, കോട്ടയം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ, ഇല്ലിക്കൽ, കുമരകം എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. ആലപ്പുഴ ജില്ലയിലും സമാനമായ സാഹചര്യമാണ് ഉള്ളത്.
അമ്പലപ്പുഴ– തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം ഭാഗത്ത് കെഎസ്ആർടിസി സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ആലപ്പുഴ, എടത്വ, ഹരിപ്പാട് ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ ചക്കുളത്തു കാവ് ജംക്ഷൻ വരേയും, തിരുവല്ലയിൽ നിന്നും വൈക്കത്തില്ലം പാലം വരെയും മാത്രമായി ചുരുക്കിയിട്ടുണ്ട്.
തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിൽ നെടുമ്പ്രം പടാരത്തിൽ പടി മുതൽ എൻസി ജംക്ഷൻ വരെ ഒന്നര കിലോമീറ്റർ ദൂരത്തിൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും നിലച്ചു. പമ്പ, മണിമല നദികളിൽ നിന്നുള്ള വെള്ളം കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ആരാധനാലയങ്ങൾക്ക് സമീപവും വെള്ളം കയറിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിലും മഴയ്ക്ക് നേരിയ കുറവുണ്ടായിട്ടുണ്ട്. ശ്രീകണ്ഠാപുരത്ത് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഗതാഗതം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.
തളിപ്പറമ്പ്–ഇരിട്ടി സംസ്ഥാന പാത, ശ്രീകണ്ഠാപുരം–പയ്യാവൂർ റോഡ്, ചെങ്ങളായി തവറൂൽ കൊയ്്യം റോഡ്, രാജഗിരി–ജോസ്ഗിരി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഇടവിട്ട് മഴ തുടരുന്നുണ്ട്.
വില്യാപ്പള്ളി, തടമ്പാട്ടുതാഴം, മാളിക്കടവ് എന്നിവിടങ്ങളിൽ റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നു. പത്തനംതിട്ട
ടികെ റോഡിൽ നെല്ലാട് ഭാഗത്തും എറണാകുളം പിറവം രാമമംഗലം റോഡിൽ കിഴിമുറി തേക്കുതോട്ടത്തിന് സമീപവും ചെല്ലാനം ചെറിയകടവ് ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പിറവം മേഖലയിൽ ചെറിയ വാഹനങ്ങളുടെ യാത്ര ദുഷ്കരമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

