സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി നാല് ജില്ലകളിൽ നാളെ ഞായറാഴ്ച (ഓഗസ്റ്റ് രണ്ട്) സ്പെഷ്യൽ ക്ലാസുകൾക്കും മതബോധന ക്ലാസുകൾക്കും അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ എന്നീ ജില്ലകളിലാണ് മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാക്കിയിട്ടുള്ളത്. എങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ മദ്രസകളും സണ്‍ഡേ സ്കൂളുകളും മറ്റു മതബോധന ക്ലാസുകളും ട്യൂഷന് സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചിടണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കുട്ടികള്‍ക്കായി നടത്തുന്ന ഓഫ്ലൈന് പഠന-പരിശീലന ക്ലാസുകളൊന്നും അനുവദിക്കില്ല.
എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ജില്ലയില്‍ നിലവിലുള്ള ക്വാറികളുടെ പ്രവര്‍ത്തനത്തിനും വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്കുള്ള പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും പ്രവേശനത്തിനും വിലക്കുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് തുടര്‍ച്ചയായി നാല് ഗ്രീന്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നതുവരെ വിലക്ക് തുടരും. നിര്‍ദേശങ്ങള്‍ ലംഘിച്ച് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയോ മറ്റു ലംഘനങ്ങള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005ലെ വകുപ്പുകള്‍ പ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദേശമനുസരിച്ച് വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( ഓഗസ്റ്റ് 2) ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റെസിഡൻഷ്യൽ സ്ക്കൂളുകളിലെയും കോളേജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപനമേധാവികൾ ഉറപ്പുവരുത്തേണ്ടതും സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാവുന്നതാണ്.
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദേശമനുസരിച്ച് തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ( ഓഗസ്റ്റ് 2) ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചു.
ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30, 34 പ്രകാരമാണ് കളക്ടർ ഉത്തരവിറക്കിയത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല.
റെസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപനമേധാവികൾ ഉറപ്പുവരുത്തേണ്ടതാണെന്നും, ആവശ്യമാണെങ്കിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി സാഹചര്യം അനുസരിച്ച് അവധി നൽകാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ, ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 പ്രകാരം കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും തൃശൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (02/08/26), ഞായറാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട് (സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിൽ). കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ബാധകമായിരിക്കും.
ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

