ബഹിരാകാശ യാത്രകൾ വരെ സാധ്യമാകുന്ന ആധുനിക കാലത്തും ജില്ലയിലെ ചില റെയിൽവേ സ്റ്റേഷനുകളിൽനിന്നുള്ള യാത്ര ദുരിതപൂർണ്ണമായി തുടരുന്നു. പാസഞ്ചർ ട്രെയിനുകൾ മാത്രം നിർത്തുന്ന വിവിധ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ ഉയരക്കുറവും നീളക്കുറവുമാണ് യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്.
ട്രെയിനുകളിൽ വേഗത്തിൽ കയറാനും ഇറങ്ങാനും കഴിയാത്ത സ്ഥിതിയാണുള്ളത്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ട്രെയിൻ യാത്ര ഏറെ പ്രയാസകരമായി മാറിയിരിക്കുകയാണ്.
ഈ പ്രശ്നം മൂലം പലപ്പോഴും അപകടങ്ങളും സംഭവിക്കുന്നുണ്ട്. പ്ലാറ്റ്ഫോമുകളുടെ നീളക്കുറവ് കാരണം ട്രെയിനിന്റെ പിറകിലും മുന്നിലുമുള്ള കോച്ചുകളിൽ യാത്ര ചെയ്യുന്നവർ വലിയ താഴ്ചയിലേക്ക് വേണം വന്നിറങ്ങാൻ.
പാപ്പിനിശ്ശേരി, ഏഴിമല, കണ്ണൂർ സൗത്ത്, ചിറക്കൽ, ധർമടം, എടക്കാട്, ജഗന്നാഥ ടെംപിൾ, വളപട്ടണം തുടങ്ങിയ സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് വലിയ പ്രതിസന്ധിയാകുന്നത്. ഇതിനുപുറമെ, മിക്ക സ്റ്റേഷനുകളുടെയും സമീപപ്രദേശങ്ങൾ കാടുമൂടിക്കിടക്കുന്ന അവസ്ഥയിലുമാണ്.
രാത്രികാലങ്ങളിൽ സ്റ്റേഷനുകളിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും യാത്രക്കാരെ ഭയപ്പെടുത്തുന്നുണ്ട്. കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുന്ന ഡി ഗ്രേഡ് സ്റ്റേഷനുകളിൽ പോലും പ്ലാറ്റ്ഫോം സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
ജില്ലയിലെ ഡി ഗ്രേഡ് സ്റ്റേഷനുകളായ പഴയങ്ങാടി, കണ്ണപുരം, വളപട്ടണം എന്നിവയുടെ വികസന പ്രവർത്തനങ്ങളും നിലവിൽ പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.
പ്രധാനപ്പെട്ട സ്റ്റേഷനുകൾ കോടിക്കണക്കിന് രൂപ ചെലവഴിച്ച് സൗന്ദര്യവൽക്കരിക്കുമ്പോൾ സാധാരണ റെയിൽവേ സ്റ്റേഷനുകൾ കടുത്ത അവഗണനയാണ് നേരിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

