പ്രശസ്ത ശാസ്ത്രജ്ഞനും വ്യവസായിയുമായ ജി. ഡി.
നായിഡുവിന്റെ ജീവിതകഥ പറയുന്ന, പ്രമുഖ നടൻ ആർ. മാധവൻ നായകനാകുന്ന പുതിയ ചിത്രമായ ‘ജി.ഡി.എൻ’ എന്ന സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
റിലീസ് വിവരങ്ങൾ പുറത്തുവന്നതോടൊപ്പം അണിയറപ്രവർത്തകർ പുറത്തുവിട്ട പുതിയ പോസ്റ്റർ സിനിമാപ്രേമികൾക്കിടയിൽ ഇതിനോടകം തന്നെ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
‘വികാരത്താൽ നയിക്കപ്പെടുകയും പാരമ്പര്യത്താൽ ഊർജ്ജം ഉൾക്കൊള്ളുകയും ചെയ്ത ഒരു മനുഷ്യന്റെ കഥ…’ എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. വരും ആഗസ്റ്റ് 7ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
തന്റെ അസാധാരണമായ കണ്ടുപിടിത്തങ്ങളിലൂടെയും വ്യാവസായിക സംരംഭങ്ങളിലൂടെയും കോയമ്പത്തൂരിനെ ഒരു പ്രധാന വ്യാവസായിക നഗരമാക്കി മാറ്റിയ പ്രമുഖനായ ഇന്ത്യൻ എഞ്ചിനീയറും മനുഷ്യസ്നേഹിയുമായിരുന്നു ഗോപാലസ്വാമി ദൊരൈസ്വാമി നായിഡു. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർ നിർമിച്ചതിന്റെ അഭിമാനകരമായ നേട്ടം അദ്ദേഹത്തിന് സ്വന്തമാണ്.
സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഭാരതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം, ജി. ഡി.
നായിഡുവിന്റെ ശാസ്ത്രലോകത്തേക്കുള്ള കടന്നുവരവും ഒരു സംരംഭകൻ എന്ന നിലയിൽ അദ്ദേഹം നേരിടേണ്ടി വന്ന വലിയ വെല്ലുവിളികളുമാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. രാജ്യത്തെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദവും ചെലവുകുറഞ്ഞതുമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്ത ജി.
ഡി. നായിഡു അറിയപ്പെടുന്നത് ‘ഇന്ത്യയുടെ എഡിസൺ’ എന്നാണ്.
നായകൻ ആർ. മാധവന് പുറമെ ദക്ഷിണേന്ത്യയിലെ പ്രമുഖരായ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിൽ സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ തുടങ്ങിയ പ്രമുഖർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കൃഷ്ണകുമാർ രാമകുമാറും ആർ.
മാധവനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധാനം നിർവഹിച്ചിരിക്കുന്നത് കൃഷ്ണകുമാർ രാമകുമാർ തന്നെയാണ്.
2022-ൽ ഏറ്റവും നല്ല സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതകഥ പറഞ്ഞ ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിന് ശേഷം മാധവൻ വീണ്ടുമൊരു ജീവചരിത്ര സിനിമയുമായി എത്തുന്നു എന്നതും ‘ജി.ഡി.എൻ’ എന്ന ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.
പ്രശസ്ത സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കുന്നത്. അരവിന്ദ് കമലനാഥൻ ഛായാഗ്രഹണവും ബിജിത്ത് ബാല ചിത്രസംയോജനവും നിർവ്വഹിക്കുന്നു.
വർഗീസ് മൂലൻ പിക്ചേഴ്സിന്റെ ബാനറിൽ വർഗീസ് മൂലൻ, ആർ. മാധവനും ഭാര്യ സരിതയും ചേർന്നുള്ള ട്രൈ കളർ ഫിലിംസും സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രശസ്തമായ ഉർവശി തിയറ്റേഴ്സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ പി.ആർ.ഒ ചുമതല നിർവഹിക്കുന്നത് ഐശ്വര്യ രാജ് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

