സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന പ്രത്യേക പദ്ധതിയായ ഓപ്പറേഷൻ സ്റ്റീൽ ബേഡ് പരിശോധനയിൽ കൂടുതൽ പ്രതികൾ പിടിയിൽ. അങ്കമാലിയിൽ വെച്ചാണ് ഒളിവിലായിരുന്ന രണ്ട് കുറ്റവാളികളെ പൊലീസ് സാഹസികമായി പിടികൂടിയത്.
തൃശൂർ അന്തിക്കാട് പെരിങ്ങോട്ടുകര കിഴക്കുമുറി അയ്യാട്ട് വീട്ടിൽ രാഗേഷ് (കായ്ക്കുരു രാഗേഷ്, 42), വാടാനപ്പള്ളി ഗണേശ മംഗലം മേപ്പറമ്പിൽ വീട്ടിൽ ജുഗൽ (21) എന്നിവരാണ് അറസ്റ്റിലായത്. അറുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ രാഗേഷ്.
കർണാടകയിലെ ജയിലിൽ ഹൈവേ കൊള്ളക്കേസിൽ തടവിൽ കഴിഞ്ഞിരുന്ന ഇയാൾ കഴിഞ്ഞ ജൂൺ അവസാനവാരമാണ് പുറത്തിറങ്ങിയത്. കൂടാതെ, വിവിധ സ്റ്റേഷനുകളിലായി 11 കേസുകളിൽ പ്രതിയായ ജുഗലിനെതിരെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്.
അങ്കമാലി മേഖലയിൽ ഹൈവേയിൽ വെച്ച് വാഹനങ്ങൾ തടഞ്ഞുനിർത്തി കൊള്ളയടിക്കാൻ പദ്ധതിയിട്ട് ഒത്തുകൂടിയ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ മറ്റ് പ്രതികളായ ഞാറയ്ക്കൽ വൈപ്പിൻ ബ്ലാവേലി വീട് ശ്യാംകുമാർ (42), തൃശൂർ തൃപ്രയാർ തിരിയേടത്ത് വീട് അരുൺ ദേവ് (23), പാറക്കടവ് കുറുമശ്ശേരി വേങ്ങൂപറമ്പിൽ വീട് നിധിൻ (32), പൂതംകുറ്റി മാളിയേക്കൽ വീട് ജോയി (53), ആലപ്പുഴ മുളക്കഴ പുത്തൻപുരയ്ക്കൽ വീട് ഷെമാൻ മാത്യു (33) എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ പൂതംകുറ്റി പ്രദേശത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ശ്യാംകുമാർ, അരുൺ ദേവ്, നിധിൻ എന്നിവർ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞത്. വാഹനത്തിൽ നടത്തിയ പരിശോധനയിൽ മൂർച്ചയേറിയ കത്തുകൾ കണ്ടെടുത്തതിനെ തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
ഇവർ നൽകിയ നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൂതംകുറ്റിയിലെ ഒരു വീട്ടിൽ ഒത്തുകൂടിയിരുന്ന മറ്റുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഹൈവേയിലൂടെ പണവുമായി പോകുന്ന വാഹനങ്ങൾ ലക്ഷ്യമിട്ട് വൻ കവർച്ചാ പദ്ധതിയാണ് ഇവർ ആസൂത്രണം ചെയ്തിരുന്നത്.
ഓപ്പറേഷൻ സ്റ്റീൽ ബേഡ് പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ഇതുവരെ ഇരുപത്തിയഞ്ചോളം ക്രിമിനലുകളെയാണ് പിടികൂടിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

