മുംബൈ: പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് ഒഴിഞ്ഞ് നരേന്ദ്രമോദി സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറാകണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു. ഡൽഹിയിൽനിന്ന് മഹാരാഷ്ട്രയിലെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ എന്നനിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ജോലി നന്നായി ചെയ്യുന്നുണ്ടെന്നും അതിനാൽ പ്രധാനമന്ത്രി കസേരയിൽനിന്ന് അദ്ദേഹം മാറണമെന്നും ദീപ്കെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.
‘പ്രധാനമന്ത്രി ഇപ്പോൾ ഒരു ഇൻഫ്ളൂവൻസർ ആകണമെന്നാണ് ഞാൻ കരുതുന്നത്. ഇൻഫ്ളൂവൻസർ എന്ന ജോലി അദ്ദേഹം നന്നായി ചെയ്യുന്നുണ്ട്.
അതിനാൽ അദ്ദേഹം പ്രധാനമന്ത്രി കസേരയിൽനിന്ന് രാജിവെക്കണം. മറ്റേതെങ്കിലും നേതാവ് ആ ചുമതല ഏറ്റെടുക്കണം’, അഭിജീത് ദീപ്കെ വ്യക്തമാക്കി.
ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുത്ത പലരെയും വിവിധ സംസ്ഥാന സർക്കാരുകൾ ഇപ്പോളും വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിജെപി സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ വിദ്യാർഥികളെ വേട്ടയാടുന്നതും അവരെ ഉപദ്രവിക്കുന്നതും സർക്കാരുകൾ അവസാനിപ്പിക്കണം.
അല്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ സമരക്കാർ അവരെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ധർമേന്ദ്ര പ്രധാന്റെ രാജികൊണ്ട് മാത്രം പൊതുജനത്തിന്റെയും പ്രതിഷേധക്കാരുടെയും രോഷം അവസാനിച്ചിട്ടില്ല.
അത് സർക്കാരിനെതിരേയാണ്. എന്തുകൊണ്ടാണ് ബിജെപി സർക്കാർ യുവജനരോഷം മനസിലാക്കുന്നതിൽ പരാജയപ്പെട്ടത്.
വിദ്യാർഥികളെ ഇനിയും ലക്ഷ്യംവെച്ചാൽ വീണ്ടും പ്രക്ഷോഭം തുടങ്ങും. പ്രക്ഷോഭങ്ങൾ അവസാനിച്ചെന്ന് സർക്കാർ കരുതേണ്ടെന്നും ഈ വിദ്യാർഥികളൊന്നും തീവ്രവാദികൾ അല്ലെന്നും അഭിജീത് ദീപ്കെ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

