ആലുവാ നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ കർശന പരിശോധനയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനു സമീപമുള്ള വിവിധ ഹോട്ടലുകളിലായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന നടന്നത്.
ഉപയോഗശൂന്യമായ നിലയിലുണ്ടായിരുന്ന ബീഫ്, ചിക്കൻ കറി, മീൻകറി, നെയ്ച്ചോറ്, ഫ്രൈഡ് ചിക്കൻ തുടങ്ങിയവയാണ് പിടിച്ചെടുത്തതെന്ന് നഗരസഭാധ്യക്ഷ സൈജി ജോളി മൂത്തേടൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഹോട്ടലുകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് വിളമ്പാൻ വേണ്ടി ഈ വിഭവങ്ങൾ ഫ്രീസറുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ആലുവയിൽ വന്നുപോകുന്ന യാത്രക്കാരാണ് ഇവിടെ പ്രധാനമായും ഭക്ഷണത്തിനെത്തുന്നത്. അതിനാൽ തന്നെ ഇവിടെനിന്ന് ഭക്ഷണം കഴിച്ച് അസുഖം ബാധിച്ചാലും പരാതിയുമായി അധികാരികളെ സമീപിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.
പിടിച്ചെടുത്ത പഴകിയ ഭക്ഷണ സാധനങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി നഗരസഭാങ്കണത്തിൽ പ്രദർശിപ്പിച്ച ശേഷം പിന്നീട് നശിപ്പിച്ചു കളഞ്ഞു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, എ.വി.
സിന്ധു എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയത്. ഇതിന് മുൻപ് രണ്ടാഴ്ച മുമ്പ് നഗരത്തിലെ പറവൂർ കവല ഭാഗത്തു പ്രവർത്തിക്കുന്ന മൂന്ന് ഹോട്ടലുകളിൽ നിന്നും സമാനമായ രീതിയിൽ പഴകിയ ഭക്ഷണങ്ങൾ പിടികൂടിയിരുന്നു.
അതേസമയം, നഗരസഭാധികൃതർ നടത്തുന്ന ഇത്തരം പരിശോധനകൾ കേവലം ഒരു പ്രഹസനം മാത്രമാണെന്ന് സംശയിക്കുന്നതായി പൗരാവകാശ പ്രവർത്തകർ ശക്തമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പഴകിയ ഭക്ഷണം പിടികൂടുന്ന ഹോട്ടലുകൾ താൽക്കാലികമായി പോലും അടച്ചുപൂട്ടാൻ തയ്യാറാകാതെ, നാമമാത്രമായ പിഴ മാത്രം ഈടാക്കി വിട്ടയക്കുന്നതിന് പിന്നിൽ ശക്തമായ രാഷ്ട്രീയ സമ്മർദവും ഉദ്യോഗസ്ഥരുടെ താൽപര്യങ്ങളുമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

