തിരക്കേറിയ സംരംഭക ജീവിതവും ദാമ്പത്യവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് ഹോം-ബേസ്ഡ് ബ്യൂട്ടി ആൻഡ് വെൽനെസ് സേവന ദാതാക്കളായ ‘യെസ് മാഡം’ സഹസ്ഥാപകനും സിഇഒയുമായ ആദിത്യ ആര്യ. തന്റെ ജീവിത പങ്കാളിയെ വിമാനത്താവളത്തിൽ വെച്ച് വെറും 90 സെക്കൻഡ് മാത്രം കാണാൻ സാധിച്ചതിന്റെ അനുഭവം അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത് വലിയ രീതിയിൽ ചർച്ചയായിരുന്നു.
ലിങ്ക്ഡ്ഇൻ അക്കൗണ്ടിലൂടെയാണ് ആദിത്യ തന്റെ അനുഭവം പങ്കുവെച്ചത്. വിമാനത്താവളത്തിൽ വെച്ച് ഭാര്യയും കമ്പനിയുടെ ഡയറക്ടറുമായ ഗരിമ ശർമയെ കണ്ടുമുട്ടുന്ന നിമിഷമാണ് അദ്ദേഹം ചിത്രീകരിച്ചത്.
ഒരാൾ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ മറ്റേയാൾ മറ്റൊരു യാത്രയ്ക്കായി പുറപ്പെടുന്ന സാഹചര്യത്തിലായിരുന്നു ഈ കൂടിക്കാഴ്ച. “മിക്ക ദമ്പതികളും ഡേറ്റിന് പോകുമ്പോൾ ഞങ്ങൾ ചെയ്യുന്നത് ലേയോവറുകളാണ്.
ഇങ്ങനെയൊരു വിവാഹജീവിതം ആരും മുൻകൂട്ടി ആസൂത്രണം ചെയ്യില്ല. ഒരുമിച്ച് ഒരു സ്വപ്നം പടുത്തുയർത്തുമ്പോൾ ജീവിതം സ്വാഭാവികമായി ഇത്തരമൊരു രൂപം സ്വീകരിക്കുകയാണ്,” എന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.
ഒരേ ഗേറ്റിലൂടെ ഒരാൾ ഇറങ്ങുകയും അതേ ഗേറ്റിലൂടെ മറ്റേയാൾ കയറുകയും ചെയ്തത് കൊണ്ട് മാത്രം ലഭിച്ച ആ ചെറിയ സമയത്ത് പരസ്പരം കൈകൾ കോർത്ത് ആ നിമിഷം വിലപ്പെട്ടതാക്കാൻ തങ്ങൾ ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഒൻപത് വർഷത്തെ ദാമ്പത്യജീവിതത്തിൽ പരിമിതമായ സമയത്തെ പരമാവധി പ്രയോജനപ്പെടുത്താൻ സ്റ്റാർട്ടപ്പ് യാത്ര തന്നെ പഠിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദിത്യയുടെ കുറിപ്പിന് മറുപടിയുമായി ഗരിമ ശർമയും രംഗത്തുവന്നു. മറ്റുള്ളവർക്ക് വിചിത്രമായി തോന്നുന്ന ഈ ജീവിതശൈലിയാണ് തങ്ങൾക്ക് പ്രണയമെന്നായിരുന്നു ഗരിമയുടെ മറുപടി.
ഒരുമിച്ച് ഒരു സംരംഭം വളർത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സമൂഹത്തിന് ഉപകാരപ്പെടുന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുക എന്നിവയാണ് ഈ ത്യാഗങ്ങളുടെ പിന്നിലെ പ്രചോദനമെന്നും അവർ വ്യക്തമാക്കി. “മറ്റുള്ളവർ വിമാനത്താവളത്തിൽ പരസ്പരം കടന്നുപോകുന്ന രണ്ടുപേരെയാണ് കണ്ടത്.
എന്നാൽ, ഞങ്ങൾ കണ്ടത് ഒരേ സ്വപ്നത്തിലേക്ക് ഒരുമിച്ച് നടന്നുപോകുന്ന രണ്ടുപേരാണ്.” എന്നും ഗരിമ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

