നഗരത്തിലെ തട്ടുകടകളിലെ രാത്രികാല വിഭവങ്ങളിൽ ഏറെ പ്രിയപ്പെട്ടതായിരുന്ന താറാവ് മുട്ട ഓംലറ്റ് വിപണിയിൽ നിന്ന് അപ്രത്യക്ഷമാകുന്നു.
താറാവ് മുട്ടയ്ക്ക് വൻതോതിൽ വില വർധിച്ചതും വിപണിയിൽ ഇവയുടെ ലഭ്യത കുറഞ്ഞതുമാണ് ഈ പ്രതിസന്ധിക്ക് കാരണം. പ്രധാനമായും മഴക്കുറവാണ് ഉൽപാദനത്തിൽ ഇടിവുണ്ടാക്കിയ പ്രധാന വില്ലൻ.
നേരത്തെ 12 മുതൽ 14 രൂപ വരെ വിലയുണ്ടായിരുന്ന താറാവ് മുട്ടയ്ക്ക് ഇപ്പോൾ പലയിടങ്ങളിലും 18 മുതൽ 20 രൂപ വരെയാണ് വില ഉയർന്നുകൊണ്ടിരിക്കുന്നത്. ഉയർന്ന വില നൽകാൻ തയാറായാൽ പോലും ആവശ്യത്തിന് മുട്ടകൾ വിപണിയിൽ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്.
ഇതോടെ തട്ടുകളിലെ പ്രധാന ആകർഷണമായിരുന്ന താറാവ് മുട്ട ഓംലറ്റും താറാവ് ബുർജിയും ഭക്ഷണപ്രിയർക്ക് കിട്ടാക്കനിയായി മാറിക്കഴിഞ്ഞു.
ദിവസേന 2000 താറാവ് മുട്ടകൾ വരെ എത്തിച്ചിരുന്ന മൊത്തവ്യാപാരികൾ ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമായി വിതരണം ചുരുക്കിയിട്ടുണ്ട്. അതും 1000 മുതൽ 1500 മുട്ടകൾ മാത്രമാണ് കടകളിൽ എത്തിക്കുന്നത്.
നിലവിൽ മുൻകൂട്ടി ഓർഡർ നൽകിയാൽ മാത്രമെ വ്യാപാരികൾക്ക് മുട്ടകൾ ലഭിക്കുന്നുള്ളൂ. കേരളത്തിൽ പരമ്പരാഗതമായി താറാവ് വളർത്തൽ വ്യാപകമായിട്ടുള്ളത് ആലപ്പുഴ, കോട്ടയം ജില്ലകളിലാണ്.
ഇതിൽ പ്രധാന ഉൽപാദന കേന്ദ്രമായ കുട്ടനാട് മേഖലയിലുണ്ടായ ഉൽപാദനക്കുറവും മഴക്കാല പ്രതിസന്ധികളുമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചതെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. കൂടാതെ തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും വലിയ തോതിൽ മുട്ടകൾ കേരളത്തിലേക്ക് എത്തുന്നുണ്ടെങ്കിലും അവിടങ്ങളിലെ മഴക്കുറവും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
മഴയില്ലാത്തതുമൂലം തോടുകളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്നത് താറാവുകളുടെ തീറ്റ ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതാണ് മുട്ട
ഉൽപാദനത്തിൽ ഇടിവുണ്ടാകാൻ കാര്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

