ഗുരുവായൂർ മേഖലയിൽ സ്കൂൾ വിദ്യാർഥികളുടെ യാത്രാസുരക്ഷ മുൻനിർത്തി മോട്ടർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ സർവീസ് നടത്തിയ രണ്ട് സ്വകാര്യ കരാർ വാഹനങ്ങൾ പിടിച്ചെടുത്തു. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ കയറ്റി സർവീസ് നടത്തിയിരുന്ന വാനുകളാണ് അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
ഫിറ്റ്നസ്, പെർമിറ്റ്, ടാക്സ്, ഇൻഷുറൻസ് തുടങ്ങിയ യാതൊരുവിധ ഔദ്യോഗിക രേഖകളും ഇല്ലാതെയാണ് ഈ വാഹനങ്ങൾ സർവീസ് നടത്തിയിരുന്നത്. ഇതിൽ ഒരു വാനിന് 8,000 രൂപയും മറ്റേ വാഹനാുടമയ്ക്ക് 27,500 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
കുട്ടികളുടെ ജീവന് ഭീഷണിയാകും വിധം അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവർമാരുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ, എടപ്പാളിലെ ഗതാഗത വകുപ്പിന്റെ പരിശീലന കേന്ദ്രത്തിൽ ഈ ഡ്രൈവർമാർ അഞ്ച് ദിവസത്തെ പ്രത്യേക പരിശീലനം പൂർത്തിയാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
പാവറട്ടി മേഖലയിൽ അനുമതിയില്ലാതെയും രേഖകൾ ഇല്ലാതെയുമാണ് പല സ്വകാര്യ വാഹനങ്ങളും സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്നതെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും അത്തരക്കാർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്നും ഗുരുവായൂർ ജോയിന്റ് ആർടിഒ എം.രമേഷ് മുന്നറിയിപ്പ് നൽകി. സ്കൂളുകളിൽ എത്തുന്ന മുഴുവൻ വാഹനങ്ങളുടെയും വിവരങ്ങൾ അടങ്ങിയ റജിസ്റ്റർ സൂക്ഷിക്കണമെന്നും ഇതിനായി ഓരോ വിദ്യാലയത്തിലും ഒരു അധ്യാപകന് പ്രത്യേക ചുമതല നൽകണമെന്നുമുള്ള സർക്കാർ നിർദേശം കർശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

