പത്തനംതിട്ട ജില്ലയിലെ ഏറത്ത് തുവയൂർ വടക്ക് ദളവ നഗറിൽ നാട്ടുകൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടനിലക്കാരില്ലാത്ത ആഴ്ചച്ചന്തയ്ക്ക് തുടക്കമായി.
വീടുകളിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും വിവിധ ഉൽപന്നങ്ങളും ഉപഭോക്താക്കൾക്ക് നേരിട്ട് വാങ്ങുന്നതിനും വിൽക്കുന്നതിനുമായി പാതയോരത്താണ് ഈ പുതിയ വിപണി സജ്ജീകരിച്ചിരിക്കുന്നത്. ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന കർഷകർക്ക് തന്നെയാണ് അവയുടെ വില നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം.
ആകെ തുകയിൽ നിന്നും 10 ശതമാനം തുക മാറ്റിവെച്ച ശേഷമുള്ള ബാക്കി തുക ഉടൻതന്നെ നൽകുന്ന രീതിയാണ് ഇവിടെ നടപ്പിലാക്കുന്നത്. ഇത്തരത്തിൽ ഈടാക്കുന്ന 10 ശതമാനം തുക വിൽപനയുടെയും വാങ്ങലിന്റെയും കണക്കുകളുടെ അടിസ്ഥാനത്തിൽ ഓണക്കാലത്ത് തിരികെ വീതിച്ചു നൽകുകയും ചെയ്യും.
എല്ലാ വീടുകളിലും വിഷരഹിതമായ പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിനും അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ‘എന്റെ ആരോഗ്യം എന്റെ സമ്പത്ത്’ എന്ന സന്ദേശമാണ് ഈ കൂട്ടായ്മ മുന്നോട്ടുവെക്കുന്നത് എന്ന് സംഘാടകർ വ്യക്തമാക്കി.
വാഴക്കുലകൾ, വിവിധ പച്ചക്കറി വിഭവങ്ങൾ എന്നിവയ്ക്ക് പുറമെ വനിതാ സംരംഭകരുടെ കൂട്ടായ്മയിൽ തയ്യാറാക്കുന്ന നാടൻ ഭക്ഷ്യവിഭവങ്ങളും ഇവിടെ വിൽപ്പനയ്ക്കായി എത്തിക്കുന്നുണ്ട്. എല്ലാ ഞായറാഴ്ചയും വൈകിട്ട് 4 മണി മുതൽ 6 മണി വരെയാണ് ഈ നാട്ടു വിപണിയുടെ പ്രവർത്തനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

