എരുമേലിയിൽ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയിലൂടെ വീട് നിർമാണം ആരംഭിച്ച നിരവധി കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിൽ. അനുവദിക്കപ്പെട്ട
തുക കൃത്യസമയത്ത് ലഭിക്കാത്തതാണ് ഗുണഭോക്താക്കളെ ദുരിതത്തിലാക്കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുഖേന വീട് അനുവദിച്ചവരാണ് ഈ ദുരവസ്ഥ നേരിടുന്നത്.
വർഷത്തിലധികമായി വാടകവീടുകളിലും താൽക്കാലിക ഷെഡുകളിലും കഴിയുന്ന ഇവർ, വാടക പോലും നൽകാനാവാതെ വീടൊഴിയേണ്ട ഗതികേടിലാണ്.
പഞ്ചായത്തിലെ 11-ാം വാർഡ് എഴുകുമൺ കാളിയാനിക്കൽ മേരിക്കുട്ടി ദേവസ്യ(84)യ്ക്ക് അനുവദിച്ച വീടിന്റെ നിർമാണം മാസങ്ങളായി സ്തംഭിച്ചിരിക്കുകയാണ്. ഭിത്തികളുടെ നിർമാണം പൂർത്തിയായെങ്കിലും വാർപ്പ് ജോലികൾ നടത്താനുള്ള ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല.
കഴിഞ്ഞ എട്ട് മാസമായി പണികൾ പൂർണ്ണമായും നിലച്ചുകിടക്കുകയാണ്. ഇതിനിടയിൽ വീടിനായി വാങ്ങിയ കതകുകളും ജനലുകളും മഴയും വെയിലും ഏറ്റ് നശിച്ചു.
കമ്പികൾ തുരുമ്പിച്ച നിലയിലാണെന്നും ഭിത്തികളിൽ പായൽ പിടിച്ചതായും ഗുണഭോക്താക്കൾ വ്യക്തമാക്കുന്നു. ആകെ 4 ലക്ഷം രൂപയാണ് വീടിനായി അനുവദിച്ചിട്ടുള്ളത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സഹകരണത്തോടെയാണ് ഈ തുക ലഭ്യമാക്കുന്നത്. തറ നിർമാണത്തിനായി 48,000 രൂപയും ഭിത്തി കെട്ടുന്നതിനായി 1,12,000 രൂപയുമാണ് മേരിക്കുട്ടിക്ക് ഇതുവരെ ലഭിച്ചത്.
ഇനി 2.40 ലക്ഷം രൂപ കൂടി ലഭിക്കാനുണ്ട്. പഴയ വീട് പൂർണ്ണമായി പൊളിച്ചുമാറ്റിയതിനാൽ നിലവിൽ കുടുംബം വാടകവീട്ടിലാണ് താമസം.
തുലാപ്പള്ളി എയ്ഞ്ചൽവാലി വളവനാട്ട് മോളി ഗോപി(54)യുടെ അവസ്ഥയും സമാനമാണ്. ഒരു വർഷം മുൻപാണ് ഇവർക്ക് പിഎംഎവൈ പദ്ധതി പ്രകാരം വീട് അനുവദിച്ചത്.
ആദ്യ ഗഡുവായ 48,000 രൂപ ലഭിച്ചെങ്കിലും, രണ്ടാം ഗഡുവിൽ ലഭിക്കേണ്ട 1,12,000 രൂപയ്ക്ക് പകരം 48,000 രൂപ മാത്രമാണ് ലഭിച്ചത്.
കേന്ദ്ര സർക്കാരിന്റെ വിഹിതം ലഭിക്കാത്തതാണ് തുക കുറയാൻ കാരണമെന്ന് അധികൃതർ അറിയിച്ചതായി മോളി വ്യക്തമാക്കി. ഈ തുക ഉപയോഗിച്ച് കട്ടകളിറക്കാനോ ഭിത്തി നിർമാണം മുന്നോട്ട് കൊണ്ടുപോകാനോ സാധിച്ചില്ല.
പഴയ വീട് പൊളിച്ച് വാടകവീടിലേക്ക് മാറിയ ശേഷമാണ് തറ കെട്ടിയത്. എന്നാൽ അതിനുശേഷമുള്ള ഒരു ഗഡുവും ഇതുവരെ ലഭിച്ചിട്ടില്ല.
അതേസമയം, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ മൂന്നാം ഗഡു ഫണ്ട് സമയബന്ധിതമായി ലഭ്യമാകാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.ഷെമീർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ഗ്രാന്റ് കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ നൽകേണ്ട
വിഹിതം ഇതുവരെയും ലഭ്യമായിട്ടില്ല. കഴിഞ്ഞ മാർച്ച് 31-ന് മുൻപ് മൂന്നാം ഗഡു ഫണ്ട് സംസ്ഥാന സർക്കാർ നൽകേണ്ടതായിരുന്നു.
മുൻപ് ഉണ്ടായിരുന്ന എൽഡിഎഫ് സർക്കാരും ഇപ്പോൾ അധികാരത്തിലുള്ള സർക്കാരും ഫണ്ട് അനുവദിക്കുന്നതിൽ വീഴ്ച വരുത്തി. ഫണ്ട് ലഭ്യമാക്കുന്നതിനായി സർക്കാരിനെ ഔദ്യോഗികമായി സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

