കൊല്ലം ∙ ചിന്നക്കട –കുണ്ടറ –കൊട്ടാരക്കര– ഇടമൺ ദേശീയപാത നാലുവരി പാതയായി വികസിപ്പിക്കുന്നതിനുളള ഭൂമി സംസ്ഥാന സർക്കാർ ലഭ്യമാക്കിയാൽ, റോഡ് പരമാവധി വീതിയിൽ വികസിപ്പിക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായി എൻ.കെ.
പ്രേമചന്ദ്രൻ എംപി അറിയിച്ചു. ചിന്നക്കട
– ഇടമൺ ദേശീയപാത പരമാവധി വീതിയിൽ വികസിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഡൽഹിയിൽ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പ്രതികരണം ഉണ്ടായത്. ഈ ദേശീയപാത വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ദേശീയപാത അതോറിറ്റി മുൻപ് തത്വത്തിൽ അംഗീകാരം നൽകിയിരുന്നതാണ്.
എന്നാൽ, വീതി കൂട്ടുന്നതിന് ആവശ്യമായ ഭൂമി ലഭ്യമല്ലാത്തതു കാരണമാണ് പദ്ധതി പിന്നീട് ഉപേക്ഷിക്കേണ്ടി വന്നതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാർ ആവശ്യമായ സ്ഥലലഭ്യത ഉറപ്പുനൽകുകയാണെങ്കിൽ, റോഡ് വികസനം പരമാവധി വീതിയിൽ സാധ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.
കടമ്പാട്ടുകോണത്തുനിന്ന് ഇടമണിലേക്കുള്ള ഗ്രീൻഫീൽഡ് ഹൈവേ നിലവിലുള്ള ചിന്നക്കട – ഇടമൺ ഹൈവേയ്ക്ക് പകരമാകില്ലെന്ന് എംപി ചൂണ്ടിക്കാട്ടി.
ചിന്നക്കടയിൽ നിന്ന് 26 കിലോമീറ്റർ അകലെ നിന്നാണ് ഈ പുതിയ ഹൈവേ ആരംഭിക്കുന്നത്. കുണ്ടറ, കൊട്ടാരക്കര തുടങ്ങിയ നഗരസ്വഭാവമുള്ള പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പാത പരമാവധി വീതിയിൽ തന്നെ വികസിപ്പിക്കേണ്ടതുണ്ട്.
റോഡിന്റെ ഇരുവശങ്ങളും അതീവ ജനസാന്ദ്രതയുള്ളവയാണ്. വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, സർക്കാർ ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന പ്രമുഖ പ്രദേശങ്ങളിലൂടെയാണ് ചിന്നക്കട
–ഇടമൺ ദേശീയപാത കടന്നുപോകുന്നത്. പാതയുടെ വികസനം മുടങ്ങി കിടക്കുന്നത് ജനങ്ങളുടെ യാത്രയ്ക്കും ചരക്കുനീക്കത്തിനും വലിയ തോതിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
റോഡിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് എത്രയും വേഗം റോഡ് പരമാവധി വീതിയിൽ വികസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എംപി ചർച്ചയിൽ ശക്തമായി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

