സംസ്ഥാനത്തെ സർക്കാർ മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി രംഗത്ത്. മൃഗങ്ങൾക്ക് പോലും താമസിക്കാൻ കഴിയാത്ത തരത്തിലുള്ള ശോച്യാവസ്ഥയാണ് ഈ സ്ഥാപനങ്ങളിൽ നിലനിൽക്കുന്നതെന്നും, ഒരു നൂറ്റാണ്ടോളം പിന്നിൽ നിൽക്കുന്ന അവസ്ഥയാണ് ഇവയുടേതെന്നും കോടതി നിരീക്ഷിച്ചു.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാരിന് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും, ഈ ദയനീയ സ്ഥിതി പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം, തൃശൂർ മാനസികരോഗ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിച്ച ശേഷമായിരുന്നു കോടതിയുടെ ഈ പരാമർശങ്ങൾ. കോഴിക്കോട് ആശുപത്രിയിലും ഉടൻ സന്ദർശനം നടത്തുമെന്ന് കോടതി അറിയിച്ചു.
കൊളോണിയൽ കാലഘട്ടത്തിലെ സംവിധാനങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇന്നും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനമെന്ന് കോടതി കുറ്റപ്പെടുത്തി. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റും മുൻവശവും ബോർഡും അടക്കം മോശം അവസ്ഥയിലാണ്.
‘ഹൊറർ സിനിമ’കളിലെ ദൃശ്യങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് പലയിടങ്ങളിലെയും അന്തരീക്ഷം. രോഗികളെ പാർപ്പിച്ചിരിക്കുന്ന ഇടങ്ങളെ സെൽ എന്ന് പോലും വിശേഷിപ്പിക്കാൻ കഴിയില്ല.
അവിടത്തെ കാഴ്ചകൾ കണ്ട് മനസ്സ് പതറാത്തവർ മനുഷ്യരായിരിക്കില്ല. ജയിലുകളിലേതുപോലെ ഇരുമ്പഴികളുള്ള സെല്ലുകളാണ് ഇവിടെയുള്ളത്.
യാതൊരുവിധ മറകളുമില്ലാതെ സെല്ലിന്റെ കൃത്യം നടുവിലാണ് ടോയ്ലറ്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ എങ്ങനെയാണ് അനുവദനീയമാകുന്നത് എന്ന് കോടതി ആരാഞ്ഞു.
അതേസമയം, തങ്ങൾ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയല്ലെന്നും, ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ജീവനക്കാരുടെ ആത്മാർത്ഥമായ സേവനം കൊണ്ടു മാത്രമാണ് ഈ സ്ഥാപനങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും കോടതി എടുത്തുപറഞ്ഞു. സെല്ലുകൾക്കുള്ളിലേക്ക് ആവശ്യത്തിന് വെളിച്ചം പോലും ലഭിക്കുന്നില്ല.
മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് അനുയോജ്യമായ രീതിയല്ല ഇവിടുത്തെ പ്രവർത്തനങ്ങൾ. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ അരങ്ങേറുന്നത്.
നിലവിലുള്ള അവസ്ഥ തികച്ചും ഭയാനകവും പൈശാചികവുമാണെന്ന് കോടതി വിമർശിച്ചു. ആരോഗ്യ സെക്രട്ടറി ഡോ.
ഷർമിള മേരി ജോസഫ് ഓൺലൈൻ മുഖേന കോടതിയിൽ ഹാജരായിട്ടുണ്ടായിരുന്നു. കോടതിയുടെ മുൻകൂട്ടിയുള്ള നിർദേശപ്രകാരം ചില നടപടികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി കോടതിയെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

