പാലക്കാട് ജില്ലയിലെ വാളയാർ – വടക്കഞ്ചേരി ദേശീയപാതയിൽ മേൽപാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണവും പതിവ് അറ്റകുറ്റപ്പണികളും മൂലം ഗതാഗതക്കുരുക്കും അപകടങ്ങളും വർധിക്കുന്നതായി യാത്രക്കാരുടെ പരാതി. തമിഴ്നാട് അതിർത്തി ഭാഗങ്ങളിലും റോഡ് നിർമാണവും ഗതാഗത വഴിതിരിച്ചുവിടലുകളും നടക്കുന്നുണ്ട്.
പലയിടത്തും ആവശ്യത്തിന് മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തതും യാതൊരുക്രമവുമില്ലാതെ നടത്തുന്ന വഴിതിരിച്ചുവിടലുകളും കാരണം വാഹനയാത്രക്കാർ കടുത്ത ദുരിതത്തിലാണ്. മുമ്പ് ഒരു മണിക്കൂർ കൊണ്ട് കോയമ്പത്തൂരിൽ എത്തിയിരുന്ന സ്ഥാനത്ത് നിലവിൽ കെഎസ്ആർടിസി ബസുകൾക്ക് രണ്ടര മണിക്കൂറിലധികം സമയം വേണ്ടിവരുന്നുണ്ട്.
വിമാനത്താവളങ്ങളിലേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങളും വലിയ യാത്രാക്കുരുക്കിലാണ് പെടുന്നത്. നൂറിലധികം ആംബുലൻസുകൾ സ്ഥിരമായി സർവീസ് നടത്തുന്ന പ്രധാന ചരക്കുനീക്ക പാതയാണിത്.
ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും മുൻകൂട്ടി അറിയിക്കാറില്ലാത്തതിനാൽ അതിവേഗത്തിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് പ്രതിസന്ധിയിലാകുന്നു. ഇത് ഒട്ടനവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.
ശാസ്ത്രീയമായ മുന്നറിയിപ്പ് ബോർഡുകളോ ട്രാഫിക് ക്രമീകരണങ്ങളോ ഒരിടത്തുമില്ല. വാഹനങ്ങൾ കൃത്യമായി വഴിതിരിച്ചുവിടാനോ സുരക്ഷ ഉറപ്പാക്കാനോ ജീവനക്കാരെയും നിയോഗിച്ചിട്ടില്ല.
റോഡിന്റെ വിവിധ ഭാഗങ്ങൾ ഒരേസമയം പൊളിച്ചിട്ടിരിക്കുന്നതാണ് പ്രധാന പ്രതിസന്ധി. പല പ്രധാന ജംക്ഷനുകളിലും വടം കെട്ടിയാണ് കാൽനടയാത്ര നിയന്ത്രിക്കുന്നത്.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഈ വടത്തിന് അടിയിലൂടെയാണ് റോഡ് മുറിച്ചുകടക്കുന്നത്. പ്രധാന നിർമാണ കേന്ദ്രങ്ങൾ
വാളയാർ, ആലാമരം, പുതുശ്ശേരി പഞ്ചായത്ത് ഓഫിസ് ജംക്ഷൻ, കഞ്ചിക്കോട് ആശുപത്രിപ്പടി, പുതുശ്ശേരി കുരുടിക്കാട്, പുതുശ്ശേരി മന്ദം, ചന്ദ്രനഗർ, കണ്ണനൂർ, കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ, വാണിയമ്പാറ ഉൾപ്പെടെയുള്ള പന്ത്രണ്ടോളം പ്രധാന കേന്ദ്രങ്ങളിലാണ് 54 കിലോമീറ്റർ ചുറ്റളവിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നത്.
സിഗ്നലുകൾ ഒഴിവാക്കിയുള്ള ഗതാഗത സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ദേശീയപാതാ അധികാരികളും നിർമാണക്കമ്പനികളും വരുത്തുന്ന ഗുരുതര വീഴ്ചകളാണ് പ്രധാന പ്രശ്നം.
കലക്ടറുടെ ഇടപെടലും മാർഗനിർദേശങ്ങളും
ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കും യാത്രാപ്രശ്നങ്ങളും മുൻനിർത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ ജില്ലാ കലക്ടർ കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഈ നിർദേശങ്ങൾ എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അശാസ്ത്രീയമായ വഴിതിരിച്ചുവിടലുകൾ മൂലം ഉണ്ടാകുന്ന കുരുക്കുകൾ ഉടൻ പരിഹരിക്കണം. റോഡ് പ്രവൃത്തികൾ നടക്കുമ്പോൾ ട്രാഫിക് പൊലീസുമായി സഹകരിച്ച് കൃത്യമായ ഗതാഗത നിയന്ത്രണം ഉറപ്പാക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
നിലവിലെ പ്രധാന പ്രശ്നങ്ങൾ
∙ മതിയായ മുന്നറിയിപ്പ് ബോർഡുകളോ രാത്രികാലങ്ങളിൽ ദൃശ്യമാകുന്ന റിഫ്ലക്ടറുകളോ സ്ഥാപിച്ചിട്ടില്ല. പേരിനുമാത്രം വച്ചിരിക്കുന്ന പ്ലാസ്റ്റിക് ഡിവൈഡറുകളിലും ട്രാഫിക് കോണുകളിലും വെള്ളമോ മണ്ണോ നിറയ്ക്കാത്തതിനാൽ ശക്തമായ കാറ്റിൽ ഇവ റോഡിലേക്ക് വീണ് വലിയ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.
∙ നിർമാണത്തിന്റെ ഭാഗമായി പാതയോരങ്ങളിൽ വൻതോതിൽ കല്ലും മണ്ണും സിമന്റ് സ്ലാബുകളും കൂട്ടിയിട്ടിരിക്കുന്നത് കണ്ണന്നൂർ, കുഴൽമന്ദം മേഖലകളിൽ കടുത്ത ഭീഷണിയാണ്.
∙ നിർമാണം ആരംഭിച്ച ഭാഗങ്ങളിൽ കരാർ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും പകുതി ജോലികൾ പോലും പൂർത്തിയായിട്ടില്ല.
പണികൾ ഇഴഞ്ഞുനീങ്ങുന്നതുമൂലം കുഴൽമന്ദം, കാഴ്ചപ്പറമ്പ് തുടങ്ങിയ ജംക്ഷനുകളിൽ റോഡുകൾ പൂർണമായും തകർന്നു കിടക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

