ആലപ്പുഴയിൽ നടന്ന അഖിൽ വധക്കേസിലെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ആദിക്കാട്ടുകുളങ്ങര കണ്ടിനേത്ത് വീട്ടിൽ ഷെൽജൂഖ് (34), ഓച്ചിറ ഞക്കനാൽ അനന്തുഭവനിൽ അനന്തു (29) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
തിങ്കളാഴ്ച രാത്രി ഓച്ചിറ കല്ലൂർമുക്കിൽ വെച്ച് പിടിയിലായ പ്രതികളെ ചൊവ്വാഴ്ച രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്. കൂടുതൽ അന്വേഷണത്തിനും കൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുമായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
അഖിലിന്റെ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്ത ഒന്നല്ലെന്ന് അന്വേഷണച്ചുമതല വഹിച്ച ഡിവൈഎസ്പി ജി.ബി.മുകേഷ് വ്യക്തമാക്കി. പ്രതികളും കൊല്ലപ്പെട്ട
അഖിലും തമ്മിൽ ലഹരി ഇടപാടുകളും സാമ്പത്തിക ഇടപാടുകളും നിലവിലുണ്ടായിരുന്നു. ഷെൽജൂഖിനെ ‘അച്ചൂക്ക്’ എന്നാണ് അഖിൽ അഭിസംബോധന ചെയ്തിരുന്നത്.
ഗൾഫിൽ ജനിച്ചു വളർന്ന ഷെൽജൂഖ് അവിടെ അടിപിടിക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് നാട്ടിലെത്തിയത്. അടൂർ ബാറിലുണ്ടായ കൊലപാതകശ്രമക്കേസിൽ ഷെൽജൂഖും ആലുവയിലെ പീഡനക്കേസിൽ അനന്തുവും ഒളിവിലായിരുന്നതായി പൊലീസ് പറഞ്ഞു.
ഇതിനിടെ ഹരിപ്പാട്ടെത്തിയ ഇവർ, അനന്തുവിന്റെ ബന്ധുവീട്ടിൽ തങ്ങിയ ശേഷം പണവും മറ്റൊരു ഒളിയിടവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അഖിലിനെ ബന്ധപ്പെടുകയായിരുന്നു. അഖിൽ സമ്മതിച്ചതനുസരിച്ച് 24-ാം തീയതി ഉച്ചയോടെ ഇവർ ഓട്ടോറിക്ഷയിൽ ആലപ്പുഴയിൽ എത്തിച്ചേർന്നു.
ഫിനിഷിങ് പോയിന്റിലെ ഹോട്ടലിൽ തങ്ങി മദ്യപിച്ച ശേഷം അഖിലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് അഖിലിന്റെ വീട്ടിലേക്കു വഴി കാണിക്കാൻ ഒരാളെയും കൂട്ടി ഇവർ ഗുരുപുരം മരിയംവെളിയിലെ വസതിയിലെത്തി.
അവിടെ വെച്ചുണ്ടായ വാക്കുതർക്കത്തിനിടെ പ്രകോപിതനായ ഷെൽജൂഖ് കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് കേസ്. ഒറ്റക്കുത്തിൽ തന്നെ അഖിൽ മരണപ്പെട്ടുവെന്നാണ് പ്രഥമിക നിഗമനം.
കൊലപാതക, രാസലഹരിക്കേസുകളിൽ പ്രതികളാണെന്നു പരിചയപ്പെടുത്തി സ്വാധീനം ചെലുത്തുകയും അതുവഴി ആഡംബര ജീവിതത്തിന് പണമുണ്ടാക്കുകയും ചെയ്തവരാണ് പ്രതികളെന്ന് പൊലീസ് കൂട്ടിച്ചേർത്തു. രണ്ട് കൊലപാതകം; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ
ആലപ്പുഴ ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ രണ്ട് കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്.
പൊലീസിന്റെ അവിശ്രമമായ പ്രവർത്തനഫലമായി രണ്ട് കേസുകളിലെയും പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടാൻ സാധിച്ചു. ജൂലൈ 12-ന് വൈകീട്ട് 5.30-ന് കാഞ്ഞിരംചിറ പുന്നയ്ക്കൽ വീട്ടിൽ മനീഷിനെ (29) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ റോബർട്ടിനെ അന്നു രാത്രി തന്നെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അറസ്റ്റ് ചെയ്തു.
അഖിൽ വധക്കേസിലെ പ്രതികൾ 74 മണിക്കൂറിനകമാണ് നിയമത്തിന് മുന്നിൽ അകപ്പെട്ടത്. ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി ജി.ബി.മുകേഷിന്റെ നേതൃത്വത്തിൽ നോർത്ത് സിഐ എം.ജെ.അരുൺ, എസ്ഐമാരായ എസ്.ദേവിക, ബാലു കെ.അജിത്ത്, പി.എസ്.സജീവ്, സ്പെഷൽ സ്ക്വാഡിലെ ഗ്രേഡ് എസ്ഐ യു.ഉല്ലാസ്, സീനിയർ സിപിഒമാരായ ബിപിൻ ദാസ്, കെ.എസ്.ഷൈജു, വിഷ്ണു സുരേഷ്, ആർ.ശ്യാം, ഹാരിഷ്, സിപിഒ ബിനോയ് ജോർജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
യാത്രാമാർഗങ്ങൾ മാറ്റി പ്രതികൾ
ഓട്ടോറിക്ഷയിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കിടന്നിരുന്ന എറണാകുളം പാസഞ്ചർ ട്രെയിനിൽ കയറിയ ശേഷം മറുഭാഗത്തുകൂടി രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലിറങ്ങി രക്ഷപ്പെടുകയായിരുന്നു. അവിടെനിന്ന് പുറത്തുകടന്ന ശേഷം കെഎസ്ആർടിസിയുടെ കോഴിക്കോട് ബസിൽ കയറി.
ട്രെയിനിലാണ് യാത്രയെന്ന് പൊലീസിനെ തെറ്റിധരിപ്പിക്കാനായിരുന്നു ഈ തന്ത്രം. ബസിൽ കുന്നംകുളത്തിറങ്ങി ലോഡ്ജിൽ മുറിയെടുത്തുവെങ്കിലും പൊലീസ് പിന്തുടരുന്നതായി മനസ്സിലാക്കി ലോറിയിൽ മംഗലാപുരം, മൈസൂരു വഴി ബെംഗളൂരുവിലേക്ക് കടന്നു.
പ്രതികളുടെ ബെംഗളൂരുവിലെ താമസസ്ഥലം പൊലീസ് കണ്ടെത്തിയതായി പെൺസുഹൃത്തിലൂടെ ഷെൽജൂഖിനെ അറിയിച്ചുകൊണ്ട് പൊലീസ് അവരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു. തുടർന്ന് നേപ്പാളിലേക്ക് കടക്കാൻ ആലോചിച്ചെങ്കിലും പാസ്പോർട്ട് കൈവശം ഇല്ലാതിരുന്നതിനാൽ ആ പദ്ധതി ഉപേക്ഷിച്ചു.
തുടർന്ന് ട്രെയിൻ മാർഗം ഓച്ചിറയിലേക്ക് മടങ്ങിയെത്തിയ ഇവർ, ഒളിസങ്കേതത്തിലേക്ക് പോകുന്നതിനിടെ ഒടുവിൽ പൊലീസിന്റെ വലയിലാകുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

