തിരുവനന്തപുരം ജില്ലയിലെ ചാത്തൻപാറയിൽ കൊറിയർ സർവീസ് വഴി മാരക ലഹരിമരുന്ന് എത്തിച്ച് വിതരണം നടത്തിവന്ന യുവാവ് പൊലീസിന്റെ പിടിയിലായി. ചാത്തൻപാറ സ്വദേശിയായ അരുൺ (36) ആണ് അറസ്റ്റിലായത്.
കല്ലമ്പലം ഡിടിഡിസി കൊറിയർ സർവീസ് വഴി ലഹരിമരുന്ന് വരുത്തി വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ കഴിഞ്ഞ ദിവസം പിടിയിലായത് എന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ പക്കൽ നിന്നും 220 ഗ്രാം കഞ്ചാവും 0.03 ഗ്രാം എംഡിഎംഎയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് ഊർജിതമാക്കിയിരിക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ലോക്കൽ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ലഹരിവേട്ടയുമായി ബന്ധപ്പെട്ട് വിവിധ കേസുകളിലായി ഇന്നലെ മാത്രം 31 പേരാണ് ജില്ലയിൽ പിടിയിലായത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കെ പ്രശാന്തൻ കാണി അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, മലപ്പുറം പെരിന്തൽമണ്ണ പുത്തനങ്ങാടിയിൽ 14 കിലോ കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ എക്സൈസ് സംഘം പിടികൂടി. സക്കീർ എന്നയാളാണ് പിടിയിലായത്.
സക്കീറും കൂട്ടാളികളും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് മുൻപ് 14 കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നത്. മലപ്പുറം സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ജയേഷ് കുമാർ നേതൃത്വം നൽകിയ പ്രത്യേക അന്വേഷണ സംഘവും ഡാൻസാഫ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

