തിരുവനന്തപുരം കേന്ദ്രീകരിച്ച് വ്യാജ ലോൺ ആപ്പ് വഴി കോടികളുടെ തട്ടിപ്പ് നടത്തിവന്ന ഉത്തരേന്ത്യൻ സംഘത്തെ പൊലീസ് പിടികൂടി. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും അമേരിക്കൻ പൗരന്മാരാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി.കൃഷ്ണ മാധ്യമങ്ങളോട് വ്യക്തമാക്കി.
ലഹരിവിരുദ്ധ ദൗത്യമായ ‘തൂഫാന്റെ’ ഭാഗമായി നടത്തിയ റെയ്ഡിലാണ് പോങ്ങുംമൂട്ടിൽ പ്രവർത്തിച്ചിരുന്ന കോൾ സെന്റർ മാതൃകയിലുള്ള ഈ സ്ഥാപനം തട്ടിപ്പിന്റെ താവളമാണെന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലുണ്ടായിരുന്ന 13 ഉത്തരേന്ത്യൻ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവർ ഉപയോഗിച്ചിരുന്ന കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും സൈബർ വിഭാഗം വിദഗ്ധമായി പരിശോധിച്ചുവരികയാണ്. ഇതിനുശേഷമേ തട്ടിപ്പിന്റെ യഥാർത്ഥ വ്യാപ്തി വ്യക്തമാകൂ എന്ന് കമ്മിഷണർ അറിയിച്ചു.
പ്രവർത്തന രീതിയും തട്ടിപ്പും ശ്രീധർ കോഇവോടെക് എൽഎൽപി എന്ന സ്ഥാപനത്തിന്റെ മറവിൽ ‘ലെൻഡ്ജെറ്റ്’ (LendJet) എന്ന ലോൺ ആപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ പ്രധാന തട്ടിപ്പ്. രാത്രി മുതൽ രാവിലെ വരെയുള്ള സമയങ്ങളിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
ലോൺ അനുവദിച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശങ്ങൾ അയച്ചാണ് ഇരകളെ കണ്ടെത്തിയിരുന്നത്. ആപ്പിൽ ലോഗിൻ ചെയ്യുന്ന അമേരിക്കൻ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ച ശേഷം, ഐബീം വെർച്വൽ ഫോൺ മുഖേന ഇവരെ ബന്ധപ്പെടും.
തുടർന്ന് വ്യാജ രേഖകൾ ചമച്ച് ഭീഷണിപ്പെടുത്തി പ്രോസസിങ് ചാർജ് ഉൾപ്പെടെയുള്ള ത തുകകൾ അക്കൗണ്ടിലേക്ക് നിർബന്ധപൂർവം വാങ്ങി തട്ടിയെടുക്കുകയായിരുന്നു. “ഇതിൽ തൊടുന്നവരെ വെടിവച്ചു കൊല്ലും” തട്ടിപ്പ് സംഘത്തിന്റെ പ്രധാന കേന്ദ്രമായി പ്രവർത്തിച്ചിരുന്നത് ഗുജറാത്ത് സ്വദേശിയായ ആകാശ്ദീപ് ചൗധരിയുടെ കംപ്യൂട്ടറായിരുന്നു.
ഈ കംപ്യൂട്ടറിന് മുന്നിൽ “ഇതിൽ തൊടുന്നവരെ വെടിവച്ചു കൊല്ലും” എന്ന മുന്നറിയിപ്പ് സന്ദേശം രേഖപ്പെടുത്തിയിരുന്നു. പൊലീസിന്റെ മിന്നൽ പരിശോധനയ്ക്കിടെ രക്ഷപ്പെട്ട
ആകാശ്ദീപിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇയാൾക്ക് പുറമേ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് തട്ടിപ്പുമായി ബന്ധമുള്ള ഒരാളെക്കൂടി പിടികൂടിയിട്ടുണ്ട്.
മുൻപ് ഉള്ളൂരിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം ഒന്നര മാസം മുൻപാണ് പോങ്ങുംമൂട്ടിലേക്ക് പ്രവർത്തനം മാറ്റിയത്. ആകാശ്ദീപ് മുൻപ് ഉള്ളൂരിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.
ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ എന്തുകൊണ്ട് കേരളം താവളമാക്കിയെന്നും യുഎസ് പൗരന്മാരുടെ രേഖകൾ എങ്ങനെ ലഭ്യമായി എന്നും വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

