കോഴിക്കോട്: മദ്യം വാങ്ങാൻ പണം നൽകാത്തതിൻ്റെ വൈരാഗ്യത്തിൽ മധ്യവയസ്കനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തൻകാവ് സ്വദേശിയായ കുറുങ്ങോട്ട് വീട്ടിൽ ജിതേഷ് (44) എന്നയാളാണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാത്തൻകാവ് സ്വദേശിയായ നന്ദകുമാറിനോട് പ്രതി മദ്യം വാങ്ങുന്നതിനായി പണം ആവശ്യപ്പെടുകയായിരുന്നു.
പണം നൽകാൻ വിസമ്മതിച്ചതോടെ നന്ദകുമാറിനെ ജിതേഷ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ നന്ദകുമാറിന്റെ ഇടത് കൈയ്യിന്റെ എല്ല് അടിച്ചുപൊട്ടിക്കുകയും ചെയ്തു.
ആക്രമണത്തിന് ഇരയായ നന്ദകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ചാത്തൻകാവ് പരിസരത്ത് തിരച്ചിൽ നടത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ ജിതേഷ് കുന്നമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട
കുപ്രസിദ്ധ കുറ്റവാളിയാണ്. ഇയാൾക്കെതിരെ കൊലപാതക ശ്രമം, വാഹന മോഷണം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം എന്നിങ്ങനെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

