ഗുരുവായൂർ ദേവസ്വം ബോർഡിന്റെ നിലവിലെ ഓഡിറ്റ് സംവിധാനത്തിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഓഡിറ്റ് വിഭാഗം ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ദേവസ്വം അധികൃതർ തയ്യാറായില്ലെന്ന് കോടതി വിമർശിച്ചു.
2001–02 മുതൽ 2021–22 വരെയുള്ള കാലയളവിലെ കണക്കുകളുമായി ബന്ധപ്പെട്ട് ഓഡിറ്റ് വിഭാഗം 2048 ചോദ്യങ്ങളാണ് ഉന്നയിച്ചിരുന്നത്. എന്നാൽ ഇതിൽ യാതൊരുവിധ പരിഹാര നടപടികളും സ്വീകരിക്കാൻ ദേവസ്വം തയ്യാറായില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ചട്ടപ്രകാരം ദേവസ്വത്തിന്റെ സ്വർണവും ആഭരണങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കളുടെ നേരിട്ടുള്ള പരിശോധന എല്ലാ വർഷവും ജൂൺ 30-നകം പൂർത്തിയാക്കേണ്ടതാണ്.
എന്നാൽ ഇതുസംബന്ധിച്ച രേഖകൾ ലഭ്യമല്ലാത്തതിനാൽ ഓഡിറ്റ് നടത്താൻ സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. കോടതി നിർദേശപ്രകാരം സംസ്ഥാന ഓഡിറ്റ് വകുപ്പ് സീനിയർ ഡപ്യൂട്ടി ഡയറക്ടറും പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലും കോടതിയിൽ നേരിട്ടും ഓൺലൈനുമായി ഹാജരായി.
ബുക്ക് സ്റ്റാളുകൾ, റെസ്റ്റ് ഹൗസുകൾ, പുന്നത്തൂർ കോട്ട, പാർക്കിങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും വഴിപാട് ക്യുആർ കോഡ് സ്കാനിങ് ഉൾപ്പെടെയുള്ള ഓൺലൈൻ സംവിധാനങ്ങളുടെയും കാഷ് ബുക്കുകൾ ഓഡിറ്റർമാർക്ക് നൽകിയിട്ടില്ല. ദേവസ്വത്തിന് കീഴിലുള്ള 65-ലേറെ ബാങ്ക് അക്കൗണ്ടുകളിൽ 37 എണ്ണം സജീവമാണെങ്കിലും അവയുടെ സ്വഭാവമോ കെട്ടിട
വാടക, ലേലം എന്നിവയുടെ വിശദാംശങ്ങളോ നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. സോഫ്റ്റ്വെയർ ഹാക്ക് ചെയ്തെന്ന പരാതി പൊലീസ് തള്ളിയതിന് പിന്നാലെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഓഡിറ്റർക്കെതിരെ ചാവക്കാട് മജിസ്ട്രേട്ട് കോടതിയിൽ സ്വകാര്യ അന്യായം നൽകിയ കേസ് നിലവിലുണ്ടെന്നും ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു.
ഇതുവരെ സ്വീകരിച്ച പരിഹാര നടപടികൾ സംബന്ധിച്ച് എതിർസത്യവാങ്മൂലം സമർപ്പിക്കാമെന്ന് ദേവസ്വം അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് പത്ത് ദിവസത്തേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

