പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി കേരളത്തിലെ ബാങ്കിങ് മേഖലയിലും ധനകാര്യ സ്ഥാപനങ്ങളിലും നടത്തിയ നിക്ഷേപങ്ങളിൽ വൻ വളർച്ച. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ അദ്ദേഹത്തിന്റെ നിക്ഷേപം വൻതോതിൽ വർധിച്ചതായി വ്യക്തമാകുന്നു.
ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക്, ഇസാഫ് ബാങ്ക് എന്നിവയിൽ യൂസഫലിക്ക് ശക്തമായ ഓഹരി പങ്കാളിത്തമുണ്ട്. ഈ ബാങ്കുകളിൽ മിക്കവയുടെയും ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമ കൂടിയാണ് അദ്ദേഹം.
ഈ ബാങ്കുകളിൽ 5% വരെ ഓഹരി പങ്കാളിത്തമാണ് എം.എ.യൂസഫലിക്കുള്ളത്. പ്രവാസികൾക്ക് ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കാവുന്ന പരിധി 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി റിസർവ് ബാങ്ക് ഉയർത്തിയിട്ടുള്ളതിനാൽ കൂടുതൽ അവസരങ്ങളാണ് മുന്നിലുള്ളത്.
യൂസഫലിയുടെ ഓഹരികളും മിന്നുന്ന നേട്ടവും 2021 ലെ കണക്കുപ്രകാരം ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക്, ഇസാഫ് ബാങ്ക് എന്നിവയിൽ യൂസഫലിയുടെ മൊത്ത നിക്ഷേപമൂല്യം 862 കോടി രൂപയായിരുന്നു. 2026 ജൂലൈ 27ലെ വ്യാപാരാന്ത്യക്കണക്കുകൾ പ്രകാരം ഇത് 3552.35 കോടി രൂപയായി ഉയർന്നു.
312% വളർച്ചയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഫെഡറൽ ബാങ്ക് (588 കോടി 2733 കോടിയാക്കി)
* 2026 ജൂൺപ്രകാരം എം.എ.യൂസഫലിയുടെ ഓഹരി പങ്കാളിത്തം 3.14% ആണ്.
* ആകെ 7,65,70,640 ഓഹരികളാണ് അദ്ദേഹത്തിനുള്ളത്.
* ഒരുവർഷം മുൻപ് ഓഹരിപങ്കാളിത്ത മൂല്യം 2043.50 കോടി രൂപയായിരുന്നു.
5 വർഷംമുൻപ് ഇത് 588 കോടി രൂപയായിരുന്നു.
* 2026 ജൂലൈ 27ലെ ഓഹരിവില 356.90 രൂപ പ്രകാരം യൂസഫലിയുടെ നിക്ഷേപമൂല്യം 2733 കോടി രൂപയാണ്.
* കഴിഞ്ഞ 5 വർഷത്തിനിടെ ഓഹരി നിക്ഷേപകർക്ക് 314% നേട്ടമാണ് ഈ ബാങ്ക് നൽകിയത്. സൗത്ത് ഇന്ത്യൻ ബാങ്ക് (75 കോടിയിൽ നിന്ന് 540 കോടിയിലേക്ക്)
* 2026 മാർച്ച് പ്രകാരം യൂസഫലിക്ക് 4.30% ഓഹരി പങ്കാളിത്തം എസ്ഐബിയിലുണ്ട് (ആകെ 11.26 കോടി ഓഹരികൾ).
* 5 വർഷം മുൻപ് നിക്ഷേപമൂല്യം 75 കോടി രൂപയായിരുന്നു.
ഒരുവർഷം മുൻപ് ഇത് 293 കോടി രൂപയായിരുന്നു.
* 2026 ജൂലൈ 27ലെ ഓഹരിവിലയായ 47.95 രൂപപ്രകാരം നിക്ഷേപമൂല്യം 540 കോടി രൂപയായി വളർന്നു. കഴിഞ്ഞ 5 വർഷത്തിനിടെ ഓഹരിവിലയിൽ 370% വർധനയാണ് രേഖപ്പെടുത്തിയത്.
ധനലക്ഷ്മി ബാങ്ക്
* ധനലക്ഷ്മി ബാങ്കിൽ 5% ഓഹരി പങ്കാളിത്തമാണ് യൂസഫലിക്കുള്ളത് (ആകെ 1.97 കോടി ഓഹരികൾ).
* 2021ൽ ഇവയിലെ ആകെ നിക്ഷേപമൂല്യം 19 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷം ഇത് 59.16 കോടി രൂപയായി.
* 2026 ജൂലൈ 27ലെ ഓഹരിവിലയായ 35.39 രൂപപ്രകാരം നിലവിലെ നിക്ഷേപമൂല്യം 69.83 കോടി രൂപയാണ്.
കഴിഞ്ഞ 5 വർഷത്തിനിടെ ഓഹരിവില 100% വളർച്ച നേടി. സിഎസ്ബി ബാങ്കിൽ 2.06% ഓഹരികൾ
* സിഎസ്ബി ബാങ്കിൽ 2.06% ഓഹരിപങ്കാളിത്തം അഥവാ 35.81 ലക്ഷം ഓഹരികൾ യൂസഫലിക്കുണ്ട്.
* 5 വർഷം മുൻപ് 87 കോടി രൂപയായിരുന്ന നിക്ഷേപമൂല്യം, 2026 ജൂലൈ 27ലെ ഓഹരിവിലയായ 337.40 രൂപ കണക്കാക്കിയാൽ 120.70 കോടി രൂപയായി മാറിയിരിക്കുന്നു.
വളരുന്ന ഇസാഫ് ബാങ്ക്
* കേരളം ആസ്ഥാനമായ ബാങ്കുകളിൽ ഏറ്റവും ഒടുവിൽ ഓഹരി വിപണിയിലേക്ക് ചുവടുവച്ചത് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ആണ്. യൂസഫലിക്കുള്ളത് 4.48% ഓഹരിപങ്കാളിത്തമാണ് (2,31,18,659 ഓഹരികൾ).
* 5 വർഷം മുൻപ് നിക്ഷേപമൂല്യം 94 കോടിയായിരുന്നത് കഴിഞ്ഞവർഷം 72 കോടിയായി താഴ്ന്നിരുന്നു.
2026 ജൂലൈ 27ലെ വ്യാപാരാന്ത്യ ഓഹരിവിലയായ 38.82 രൂപ പ്രകാരം ഇത് ഇപ്പോൾ 88.82 കോടി രൂപയായി മെച്ചപ്പെട്ടിട്ടുണ്ട്. സിയാലും കിയാലും
കൊച്ചി വിമാനത്താവളക്കമ്പനിയിൽ (സിയാൽ) സംസ്ഥാന സർക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ ഓഹരി പങ്കാളിയായ യൂസഫലിക്ക് 12.11% ഓഹരി പങ്കാളിത്തമുണ്ട്.
സിയാൽ ഓഹരികൾ നിലവിൽ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും അൺലിസ്റ്റഡ് വിപണിയിൽ വലിയ ഡിമാൻഡുള്ള ഓഹരിയാണിത്. പ്രാരംഭ ഓഹരി വിൽപനയിൽ (ഐപിഒ) അന്തിമതീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്.
ഐപിഒ നടത്തി ഓഹരി വിപണിയിൽ പ്രവേശിക്കുമ്പോൾ ലിസ്റ്റിങ് വില ഇരട്ടിയാകുമെന്നാണ് കരുതപ്പെടുന്നത്. കണ്ണൂർ വിമാനത്താവള കമ്പനിയിൽ (കിയാൽ) ഏതാണ്ട് 9% ഓഹരി പങ്കാളിത്തമാണ് യൂസഫലിക്കുള്ളത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

