ബീജിംഗ്: ചൈനയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് റാക്കിൽ വെച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ചു. ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ എംയു2421 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വിമാനത്തിലെ ക്രൂ അംഗങ്ങളുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായി മാറിയത്. ലാഞ്ചോവിൽ നിന്ന് ഗുയാങ് ലോങ്ഡോങ്ബാവോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയ എയർബസ് എ320 വിമാനം ലാൻഡിംഗിന് ശേഷം റൺവേയിലൂടെ ടെർമിനലിലേക്ക് നീങ്ങുമ്പോഴായിരുന്നു സംഭവം.
യാത്രക്കാരന്റെ ഹാൻഡ് ബാഗിലുണ്ടായിരുന്ന പവർ ബാങ്കിൽ നിന്ന് പെട്ടെന്ന് തീയുയരുകയായിരുന്നു. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
എന്നാൽ വിമാനത്തിനുള്ളിൽ പുക പടർന്നതിനെ തുടർന്ന് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ലഗേജ് റാക്കിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടതോടെ വിമാനത്തിനുള്ളിൽ നിമിഷനേരം കൊണ്ട് പരിഭ്രാന്തി പടർന്നു.
സംഭവ സമയം വിമാനത്തിന് പുറത്താണ് തീപിടിച്ചതെന്നാണ് കരുതിയതെന്നും എന്നാൽ തലയ്ക്ക് മുകളിലെ ലഗേജ് റാക്കിൽ നിന്ന് തീയുയരുന്നത് കണ്ടതോടെ യാത്രക്കാർ പരിഭ്രാന്തരായി പുറകോട്ട് മാറുകയായിരുന്നെന്നും വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ വെളിപ്പെടുത്തി. എന്നാൽ ക്രൂ അംഗങ്ങൾ തികച്ചും ശാന്തരായി യാത്രക്കാരെ ആശ്വസിപ്പിക്കുകയും നിമിഷങ്ങൾക്കകം തീ അണയ്ക്കുകയും ചെയ്തു.
യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിരുന്നു. ലിഥിയം ബാറ്ററികൾക്ക് കടുത്ത നിയന്ത്രണം ലിഥിയം ബാറ്ററികൾക്ക് പെട്ടെന്ന് തീപിടിക്കാനുള്ള സാധ്യത മുൻനിർത്തി ചൈന ഈസ്റ്റേൺ എയർലൈൻസ് കർശന സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നുണ്ട്.
പവർ ബാങ്കുകൾ ഹാൻഡ് ലഗേജിൽ കരുതാൻ അനുമതിയുണ്ടെങ്കിലും ഇവ ഓവർഹെഡ് ലഗേജ് റാക്കിൽ വെക്കാനോ യാത്രയ്ക്കിടയിൽ ഫോണോ മറ്റോ ചാർജ് ചെയ്യാനോ പാടില്ലെന്നാണ് നിയമം. ചൈനയിൽ ലിഥിയം ബാറ്ററികൾ മൂലം വിമാനങ്ങളിൽ തീപിടിത്തങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് കുറ്റമറ്റ സാക്ഷ്യപത്രങ്ങൾ (3സി സർട്ടിഫിക്കേഷൻ) ഇല്ലാത്ത പവർ ബാങ്കുകൾ വിമാനങ്ങളിൽ കൊണ്ടുപോകുന്നതിന് ചൈനീസ് സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

