തൊഴിൽ വിപണിയിലെ പുതിയ പ്രവണതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ച് ചെന്നൈ ആസ്ഥാനമായുള്ള ഒരു നിർമ്മിത ബുദ്ധി (എഐ) സ്റ്റാർട്ടപ്പിന്റെ റിക്രൂട്ട്മെന്റ് അനുഭവം പുറത്തുവന്നു. Highperformr.ai സഹസ്ഥാപകനായ രമേശ് രവിശങ്കർ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പിലാണ് സ്ഥാപനത്തിലെ ഇന്റേൺഷിപ്പ് ഒഴിവുകളിലേക്ക് ലഭിച്ച അപേക്ഷകളും തുടർന്നുണ്ടായ സംഭവവികാസങ്ങളും വ്യക്തമാക്കിയിട്ടുള്ളത്.
ആകെ 1,290 അപേക്ഷകൾ ലഭിച്ചിട്ടും ഒരാളെപ്പോലും ജോലിക്ക് എൈടുക്കാൻ സാധിച്ചില്ലെന്നാണ് വെളിപ്പെടുത്തൽ. കഴിഞ്ഞ മാസമാണ് കമ്പനി ഇന്റേൺഷിപ്പ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്.
വൻ തോതിൽ അപേക്ഷകൾ ലഭിച്ചെങ്കിലും ഇതിൽ ബഹുഭൂരിഭാഗം പേർക്കും യഥാർത്ഥത്തിൽ ജോലി ചെയ്യാനുള്ള താല്പര്യമില്ലെന്നും വെറുമൊരു ടൈറ്റിലിന് വേണ്ടിയാണ് പലരും സമീപിച്ചതെന്നും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. ലഭിച്ച 1,290 അപേക്ഷകളിൽ കേവലം 83 പേർ (6 ശതമാനം) മാത്രമാണ് അസസ്മെന്റ് പരീക്ഷ എഴുതാൻ തയ്യാറായത്.
ഇതിൽ 23 പേർ യോഗ്യത നേടിയെങ്കിലും തുടർന്നുള്ള ഘട്ടങ്ങളിൽ സ്ഥിതി അതീവ മോശമായി. യോഗ്യത നേടിയവരിൽ നിന്ന് 10 പേരെ അഭിമുഖത്തിനായി വിളിച്ചെങ്കിലും ഒരാൾക്ക് പോലും ഇന്റർവ്യൂ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചില്ല.
അസസ്മെന്റ് പാസായ ചിലർ പിന്നീട് ഇന്റർവ്യൂവിൽ നിന്ന് പിന്മാറുകയാണ് ചെയ്തത്. മറ്റുചിലരാകട്ടെ ജോലിക്ക് റീലൊക്കേഷൻ ആവശ്യമാണെന്ന് അറിഞ്ഞപ്പോൾ താല്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
“ഒരു എഐ സ്റ്റാർട്ടപ്പിൽ ജോലി ചെയ്യാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാൽ, തങ്ങൾക്ക് അതിന് കഴിയുമെന്ന് തെളിയിക്കാൻ ആരും തയാറല്ല.
പ്രവൃത്തി പരിചയത്തേക്കാളും അധ്വാനത്തേക്കാളും സോഷ്യൽ മീഡിയയിലെ റോളുകൾക്കും പേരിനും ആളുകൾ മുൻഗണന നൽകുന്ന സംസ്കാരമാണ് ഇന്ന് കണ്ടുവരുന്നത്,” എന്ന് രമേശ് രവിശങ്കർ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു. അതേസമയം, ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കമ്പനിയുടെ റിക്രൂട്ട്മെന്റ് രീതികളെയും തൊഴിൽ സംസ്കാരത്തെയും വിമർശിച്ചും സംശയങ്ങൾ ഉന്നയിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
റീലൊക്കേഷൻ ആവശ്യപ്പെടുന്ന കമ്പനി അതിനുള്ള ധനസഹായം നൽകുന്നുണ്ടോ എന്നും, റിക്രൂട്ടിംഗ് പ്രോസസ് എങ്ങനെയായിരുന്നുവെന്നും പലരും കമന്റ് ബോക്സിൽ ചോദിച്ചു. കൂടാതെ, ഇന്റേണുകൾക്കുള്ള പ്രതിഫലത്തെക്കുറിച്ചും ആളുകൾ സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

